മാസങ്ങള്‍ക്ക് ശേഷം കോഴിക്കോട് ബീച്ച് തുറന്നു; രാവിലെ മുതല്‍ ജനങ്ങളുടെ ഒഴുക്ക്; ബീച്ചില്‍ എത്താന്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മാസങ്ങള്‍ക്ക് ശേഷം ബീച്ച് തുറന്നതറിഞ്ഞ് രാവിലതന്നെ ജനങ്ങള്‍ ബീച്ചിലേക്ക് എത്തുന്നുണ്ട്. രാത്രി എട്ടുമണി വരെയായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവേശനം.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബീച്ച് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ബീച്ച് തുറക്കുന്നതിന്‍റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തിരക്ക് അധികമുള്ള സമയങ്ങളില്‍ ബാരിക്കേഡുകളും കയറുമുള്‍പ്പടെയുള്ളവ സ്ഥാപിച്ചാകും പ്രവേശനം നിയന്ത്രിക്കുക.
ബീച്ചിലെത്തുന്നവര്‍ മാസ്‌ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോരിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിലാകും ലൈസന്‍സ് നല്‍കുക. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. മാലിന്യം കൂടകളില്‍ നിക്ഷേപിക്കുന്നതിന്‍റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം