മാവോയിസ്റ്റ് വധഭീഷണി; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പോലീസ് സംരക്ഷണം
ചക്കിട്ടപാറ: മാവോയിസ്റ്റ് വധഭീഷണിയെ തുടര്‍ന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പോലീസ് സംരക്ഷണം ഒരുക്കി. അഞ്ച് പേരടങ്ങുന്ന തണ്ടര്‍ ബോള്‍ട്ടിന്റെ സംഘമാണ് സംരക്ഷണമൊരുക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുതുകാട്ടില്‍ മാവോയിസ്റ്റുകളെത്തിയത്. പേരാമ്പ്ര എസ്റ്റേറ്റിലെത്തിയ മാവോയിസ്റ്റുകള്‍ കെ.സുനിലിനെ വധിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് പ്രസിഡന്റിനെതിരെ വധഭീഷണി ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമണ് എത്തിയത്. എസ്റ്റേറ്റ് മാനേജരുടെ ഓഫീസിലെത്തി സംഘം മാനേജര്‍ക്ക് ലഘു ലേഖ കൈമാറുയും, ഓഫീസിന് മുന്‍വശം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
ഫണ്ട് ആവശ്യപ്പെട്ട സംഘം മാനേജര്‍ ഫണ്ട് നല്‍കാന്‍ വിസമ്മതിച്ചതോടെ അരിവേണമെന്നാവശ്യപ്പെടുകയായിരുന്നു. മാന്യമായാണ് സംഘം പെരുമാറിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഖനനത്തിനെതിരെയും, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരെയും, എംഎല്‍എ ടി.പി.രാമകൃഷ്ണനും മുന്‍ മന്ത്രി എളമരം കരിമിനെതിരെയും ഉള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
എസ്റ്റേറ്റിന് സമീപമുള്ള ചില ക്വാട്ടേഴ്‌സുകളിലും സംഘം കയറിയതായി പ്രസിഡന്റ് കെ. സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാവോയിസ്റ്റുകള്‍ തോക്കുമേന്തിയാണ് എത്തിയത്. ഇരുപത് മിനുറ്റോളം ഇവര്‍ ഇവിടെ നിന്നതായി പ്രദേശവാസികള്‍ പറഞ്ഞെന്നും കെ.സുനില്‍ വ്യക്തമാക്കി.
മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി ഊര്‍ജിത ശ്രമങ്ങളാണ് പോലീസ് നടത്തുന്നത്. പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് കാടിനുള്ളിലടക്കം കയറി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘമാണ് തിരച്ചിലില്‍ പങ്കെടുത്തത്.