മാവോയിസ്റ്റ് ഭീഷണി: സെപ്റ്റംബര്‍ 15ന് മുതുകാട്ടില്‍ സി.പി.ഐ.എം പ്രതിഷേധ ജ്വാല: 3000 പേരെ അണിനിരത്തും
പേരാമ്പ്ര: മുതുകാട് ഭാഗത്ത് മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം മുതുകാട് ലോക്കല്‍ കമ്മിറ്റി. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ പതിനഞ്ചിന് മുതുകാട് ലോക്കലിലെ 250 കേന്ദ്രങ്ങളിലായി പ്രതിഷേധ ജ്വാല തെളിയിക്കുമെന്നും സി.പി.ഐ.എം അറിയിച്ചു.
3000 പേരെ പരിപാടിയില്‍ അണിനിരത്താനാണ് സി.പി.ഐ.എം തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റംഗം കെ. കുഞ്ഞമ്മത്, ഏരിയാ സെക്രട്ടറി എ. കെ. ബാലന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞമ്മദ്, എന്‍. പി. ബാബു, കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു. സി. കെ. ശശി അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി പി. സി. സുരാജന്‍ സ്വാഗതം പറഞ്ഞു.
മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി വന്ന് ജനങ്ങളെ ഭീതിയിലാക്കുന്നത് അവസാനിപ്പിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണം. ഇല്ലാത്ത ഖനനത്തിന്റെ കഥ മെനഞ്ഞ് ഇരുളിന്റെ മറവില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പതിക്കുകയും ഒറ്റപ്പെട്ട വീടുകളിലെത്തി തോക്കുചൂണ്ടി ഭീതി പരത്തുകയാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.
സെപ്റ്റംബര്‍ ഏഴിനാണ് മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി വാര്‍ത്തകള്‍ വന്നത്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന ആയുധധാരികളായ അഞ്ചംഗ സംഘം സ്ഥലത്തെത്തി തൊഴിലാളികള്‍ക്ക് പോസ്റ്ററുകള്‍ വിതരണം ചെയ്തുവെന്നാണ് പ്രദേശവാസികളും പൊലീസും പറഞ്ഞത്.
പ്ലാന്റേഷന്‍ ഭൂമി ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികള്‍ക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകളും ഇവര്‍ പ്രദേശത്ത് പതിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിനെതിരെയും, എം.എല്‍.എ ടി.പി രാമകൃഷ്ണനെതിരെയും മുന്‍മന്ത്രി എളമരം കരീമിനെതിരെയും ഇവര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.