മാവോയിസ്റ്റുകള്‍ ചക്കിട്ടപാറയിലെത്തുന്നത് ഒരു വര്‍ഷത്തിനിടെ മൂന്നാം തവണ; സ്ഥലത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
പേരാമ്പ്ര: മാവോവാദികൾ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മേഖലയിൽ എത്തുന്നത് ഒരു വർഷത്തിനിടെ മൂന്നാം തവണ. ഡിസംബറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് അടുത്തദിവസം സീതപ്പാറയിൽ വനമേഖലയോട് ചേർന്നുള്ള വീട്ടിലാണ് രാത്രിയിൽ മൂന്ന് സ്ത്രീകളടങ്ങിയ അഞ്ചംഗസംഘമെത്തി അരിയുമായി മടങ്ങിയത്. സുന്ദരി, മീര എന്നീ സ്ത്രീകളും സൂര്യ (ചന്ദ്രു) എന്ന പുരുഷനും ഇതിലുണ്ടായിരുന്നെന്നാണ് വീട്ടുകാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് എത്തിച്ചേർന്ന നിഗമനം.
ഇതിനുശേഷം ഏപ്രിൽ 13-ന് മുതുകാട് ഉദയനഗർ ഭാഗത്തെ ബസ് സ്റ്റോപ്പിലും കടയിലും രാത്രിയിലെത്തി മാവോവാദികൾ പോസ്റ്റർ പതിച്ചിരുന്നു. സമീപത്തെ വീടുകളിൽ പോസ്റ്ററിടുകയും ചെയ്തു. ഇതിനടുത്തുള്ള പ്രദേശമാണ് പയ്യാനിക്കോട്ട. സീതപ്പാറയിൽനിന്ന് വനത്തിലൂടെ നടന്നെത്താവുന്ന ഭാഗങ്ങളാണിതെല്ലാം. കേരളത്തിലെ മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് നേരത്തേതന്നെ മലയോരഭാഗങ്ങൾ ഉൾപ്പെടുന്ന പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ തണ്ടർബോൾട്ട് സേനയെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പയ്യാനിക്കോട്ട ഭാഗത്തെ വീട്ടിൽ ആയുധധാരികളായ മാവോവാദി സംഘമെത്തിയത്. ഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ മൂന്ന് മാവോവാദികളെത്തിയത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.
വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് അരിയും ഭക്ഷണസാധനങ്ങളും മണ്ണെണ്ണയുമെല്ലാം വാങ്ങി ഇവർ വീടിന്റെ പിൻഭാഗത്തുള്ള കാട്ടിലേക്ക് മടങ്ങി. വയനാടൻ മലനിരകളുടെ താഴ്ഭാഗത്താണ് ഈ പ്രദേശം.
വീടിനകത്ത് കടന്നിരുന്ന ഇവർ എല്ലാ മുറിയിലും തിരച്ചിൽനടത്തി. അതിനുശേഷം ഡൈനിങ് ഹാളിൽ കസേരയിലിരുന്ന് ഭക്ഷണം കഴിച്ചു. ലാപ്‌ടോപ്പും മൊബൈൽ ഫോണും പവർബാങ്കുമെല്ലാം ചാർജ് ചെയ്തു. അച്ചടിച്ചതും കൈയെഴുത്തുമായ പോസ്റ്ററുകൾ വീട്ടുകാർക്ക് നൽകുകയും ചെയ്തു. രണ്ടു മണിക്കൂറോളം വീടിനുള്ളിൽ ചെലവഴിച്ച ഇവർ സർക്കാരുകൾക്കെതിരായും പയ്യാനിക്കോട്ടയിലെ ഇരുമ്പയിര് ഖനനനീക്കത്തിനെതിരായുമൊക്കെയാണ് സംസാരിച്ചത്. ഖനനനീക്കംനടന്ന കരിങ്കൽപ്പാറയ്ക്ക് സമീപത്താണ് ഈ വീട്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ വീടും ഇതിനടുത്താണ്.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്കും ഖനനമാഫിയയ്ക്കുമെതിരായ കാര്യങ്ങളാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. നേരത്തേ മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗർ ഭാഗത്ത് പതിച്ചിരുന്ന പോസ്റ്ററുകൾ ഇതുതന്നെയായിരുന്നു. മൂന്ന് മാവോവാദികളും മലയാളം സംസാരിച്ചിരുന്നെങ്കിലും രണ്ടുപേർക്ക് കന്നഡ ചുവയുണ്ടായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ഇതിൽ ഒരാൾക്ക് ഒരു കൈയേ ഉള്ളൂ. ഇത് മലയാളിയായ സി.പി. മൊയ്തീനാണെന്നാണ് പോലീസ് സംശയിക്കുന്നത്.
പേരാമ്പ്ര ഡിവൈ.എസ്.പി. ജയൻ ഡൊമനിക്, പേരാമ്പ്ര സി.ഐ. എം. സജീവ്കുമാർ, പെരുവണ്ണാമൂഴി എസ്.ഐ. കെ. ഷാജിദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
ഡോഗ് സ്‌ക്വാഡും സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അട്ടകടിച്ച് ഇവരുടെ കാലിൽനിന്ന് രക്തം വീടിനുള്ളിൽ തറയിലായിരുന്നു. ഇതിന്റെ സാംപിളും ശേഖിച്ചിട്ടുണ്ട്.