മാരക ലഹരിയുമായി കോഴിക്കോട് മൂന്ന് പേർ പിടിയിൽ; ഒരാൾ വിദേശത്ത് ശിക്ഷിക്കപ്പെട്ടയാൾ


കോഴിക്കോട്: കുവൈത്തിൽ ഹെറോയിൻ കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവും സംഘവും നഗരത്തിൽ ലഹരിമരുന്നുമായി പിടിയിൽ. എംഡിഎംഎ എന്ന ലഹരിയുമായാണ് 3 യുവാക്കൾ പിടിയിലായത്. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞെളികുന്നുമ്മൽ അൻവർ തസ്നിം (30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് ചേവായൂർ പൊലീസും ജില്ലാ നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡെൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്നു പിടികൂടിയത്.

ഇതിൽ അൻവർ കുവൈത്തിൽ ഹെറോയിൻ കടത്തിയതിന് 15 വർഷം ശിക്ഷിക്കപ്പെട്ട് 8 വർഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുൻപ് കുവൈത്ത് സർക്കാരിന്റെ പൊതുമാപ്പിൽ ജയിൽ മോചിതനായതാണ്. കുവൈത്തിൽ സമാനമായ കേസിൽ ജയിലിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശിയുടെ പക്കൽ നിന്ന് ലഹരിമരുന്ന് വാങ്ങി കേരളത്തിലേക്ക് വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 28 ലഹരി ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. കരൂരിൽ നിന്നാണ് ഇവ കൊണ്ടുവന്നതെന്നും പ്രതികൾക്ക് രാജ്യാന്തര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും പൊലീസ് പറഞ്ഞു.

സ്വർണക്കടത്ത് കേസ്, മറ്റു ലഹരി കേസ് എന്നിവയിൽ ബന്ധം ഉണ്ടോ എന്നുള്ളതും അന്വേഷിക്കുന്നുണ്ട്. ഇവരെ ഉടനെ കസ്റ്റഡിയിൽ വാങ്ങും. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ, ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ്ഐമാരായ പി.അഭിജിത്ത്, കെ.ഷാൻ. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ മുഹമ്മദ് ഷാഫി, എം.സജി, സീനിയർ സിപിഒമാരായ കെ.അഖിലേഷ്, കെ.എ.ജോമോൻ, സിപിഒ എം.ജിനേഷ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്, എം.ഷാലു, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.