മാരകമയക്കുമരുന്നുമായി മുത്താമ്പി സ്വദേശി വീണ്ടും പിടിയില്‍; യുവാവില്‍ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎ, ഹാഷിഷ് എന്നിവ


കൊയിലാണ്ടി: മയക്കുമരുന്നുമായി മുത്താമ്പി സ്വദേശിയായ യുവാവിനെ വടകര പൊലീസ് അറസ്റ്റു ചെയ്തു. മുത്താമ്പി സ്വദേശി ‘അറഫ’ ഹൗസില്‍ ഷിറാസ് മൊയ്തീന്‍ (22) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 20 ഗ്രാം എംഡിഎംഎ, 1.47 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു.

ഗോവയില്‍ നിന്നും ട്രെയിന്‍മാര്‍ഗം വടകരയില്‍ എത്തിച്ചതാണ് മയക്കുമരുന്നുകള്‍. 30000 രൂപയ്ക്ക് ഗോവയില്‍ നിന്നും വാങ്ങിയ മയക്കുമരുന്നുകള്‍ ഒരുലക്ഷം രൂപക്കാണ് വില്‍ക്കുകയെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വടകര എസ്.ഐ കെ.കെ. രേഷ്മയും സംഘവും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഐസ് റോഡ് ഗേറ്റിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ട്രെയിന്‍ മാര്‍ഗം ഗോവയില്‍നിന്നും വടകര എത്തിയപ്പോഴാണ് പിടിയിലായത്.

ഷിറാസ് മയക്കുമരുന്ന് കേസില്‍ നേരത്തെയും പ്രതിയാണ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.