മാധ്യമപ്രവര്‍ത്തകനെതിരെയുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നീക്കം അപലപനീയം
കോഴിക്കോട്: ചങ്ങരോത്ത് കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പ്രമേയം പാസാക്കുകയും ജാമ്യമില്ലാ കേസില്‍ കുടുക്കുകയും ചെയ്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.എന്‍.ഐ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടര്‍ എന്‍.പി. സക്കീറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.
പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ കലാപകാരിയെന്ന് മുദ്ര കുത്തുന്നതിന് പകരം, വിഷയത്തിന് പരിഹാരം കൊണ്ടുവരികയാണ് വേണ്ടതെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ കോവിഡ് നെഗറ്റിവുകാരെയും പൊസിറ്റിവുകാരെയും ഒരുമിച്ചു താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ടു തന്നെ കെട്ടിടങ്ങള്‍ പൂട്ടിയിട്ടുവെന്ന സംഭവത്തില്‍ വാര്‍ത്താമൂല്യമുണ്ട്.
പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന എന്‍.പി.സക്കീര്‍ ജോലി ചെയ്യുന്ന എ.എന്‍.ഐ. ന്യൂസ് ഏജന്‍സിയില്‍ ഈ വിഷയത്തില്‍ വന്ന ഏതെങ്കിലും വാര്‍ത്ത ആരുടെയും ശ്രദ്ധയില്‍പെട്ടിട്ടില്ല. പ്രതിയെ ഗ്രാമപഞ്ചായത്ത് മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും ആരോപണമുണ്ട്. കെട്ടിച്ചമച്ച ഒരു ആരോപണത്തിനുമേല്‍ കലാപാഹ്വാനം നടത്തി എന്നൊക്കെ പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുന്നതും പ്രമേയം പാസാക്കുന്നതും ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് യൂണിയന്‍ ജില്ല പ്രസിഡന്റ് എം.ഫിറോസ് ഖാന്‍, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.