മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: യു. രാജീവൻ മാസ്റ്റർ ഉൾപ്പെടെ കണ്ടാലറിയാലവുന്ന ഇരുപത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടത്തു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്റർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉള്‍പ്പെടെയുള്ളവർ കേസിൽ പ്രതികളാണെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി.
രണ്ട് കേസുകളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് കസബ പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിനും വനിതാ മാധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞതിനുമാണ് രണ്ടു കേസുകൾ.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയെ അടക്കം അസഭ്യം പറഞ്ഞായിരുന്നു കയ്യേറ്റം. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉറപ്പുനല്‍കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി ഡി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുന്‍ ഡി.സി.സി അധ്യക്ഷന്‍ കെ.സി അബുവിനെ ഒഴിവാക്കി ടി. സിദ്ദിഖ് അനുകൂലികളാണ് യോഗം ചേര്‍ന്നത്. കൈരളി ന്യൂസ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സിദ്ദിഖ് അനുകൂലികള്‍ ഭീഷണി മുഴക്കിയിരുന്നു.