മാങ്ങാടിന്റെ ദാഹമകറ്റാൻ പാറക്കുളം നന്നാക്കണം


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുളള പൊയില്‍ക്കാവ് മങ്ങാട് പാറക്കുളം ശുദ്ധീകരിച്ച് ശുദ്ധജല സംഭരണിയാക്കണമെന്നാവശ്യം പ്രദേശവാസികളില്‍ നിന്ന് ശക്തമാകുന്നു. പാറക്കുളത്തില്‍ യഥേഷ്ടം വെളളമുണ്ടെങ്കിലും കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് ഇത്.

ഇവിടെ കടലോര മേഖലയിൽ കിണറുകളിലെല്ലാം ഉപ്പുവെളളമാണ്. ശുദ്ധമായ കുടിവെളളം ലഭ്യമല്ലാത്തതിനാല്‍ വീടും സ്ഥലവും വിറ്റ് പോകാനും ചിലര്‍ ഒരുങ്ങുകയാണ്. ഒന്നരയേക്കറോളം വ്യാപിച്ചു കിടക്കുന്ന മങ്ങാട് പാറക്കുളത്തില്‍ ഒരിക്കലും വറ്റാത്ത വെളളം കെട്ടി നില്‍ക്കുമ്പോഴാണ് പ്രദേശവാസികള്‍ രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവിക്കുന്നത്. കുളത്തിന് സമീപം പമ്പ് ഹൗസും ടാങ്കും സ്ഥാപിച്ചു ജലവിതരണം ആരംഭിച്ചാല്‍ നാട്ടുകാര്‍ക്കെല്ലാം പ്രയോജനപ്പെടും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയൊരു പാറകുന്നയിരുന്നു പൊയില്‍ക്കാവ് വനദുര്‍ഗ്ഗാ ക്ഷേത്രത്തിന് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മങ്ങാട് പാറ. ലോഡ് കണക്കിന് പാറ പൊട്ടിച്ചു കൊണ്ടു പോയതേടെ ഒന്നരയേക്കറോളം വ്യാപിച്ചു കിടക്കുന്ന വലിയൊരു കുഴി ഇവിടെ രൂപം കൊണ്ട്. കുഴി നിറയെ വെളളം കെട്ടി നില്‍ക്കുകയാണിപ്പോള്‍. കുളത്തില്‍ പല ഭാഗത്തും പതിനഞ്ച് മീറ്ററിലേറെ ആഴമുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. യാതോരു വിധ സുരക്ഷാ കൈവരികളുമില്ലാത്ത ഈ പാറക്കുളത്തില്‍ വീണു ഏതാനും പേര്‍ മരിച്ചിട്ടുമുണ്ട്.

പ്രദേശവാസികള്‍ കുളിക്കാനും അലക്കാനും കാര്‍ഷിക വൃത്തിയ്ക്കുമെല്ലാം ഈ ജലശായത്തിലെ വെളളമാണ് ഉപയോഗിക്കുന്നത്. സ്വന്തമായി പലരും മോട്ടോര്‍ സ്ഥാപിച്ച് വെളളം പമ്പ് ചെയ്യുന്നുണ്ട്. നാലുപാടും കെട്ടി സംരക്ഷിച്ചാല്‍ നല്ലൊരു ശുദ്ധജല സംഭരണിയായി ഈ കുളത്തെ മാറ്റാവുന്നതാണ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പാറക്കുളത്തിന്റെ തെക്ക് ഭാഗത്ത് കോണ്‍ക്രീറ്റ് നടപ്പാതയും കൈവരിയും സ്ഥാപിച്ചിട്ടുണ്ട്. കിഴക്കു ഭാഗത്ത് കൈവരിയൊന്നുമില്ല. കുളത്തിന്റെ ഓരത്തിലൂടെ പ്രായമായവരും കുട്ടികളും സഞ്ചരിക്കുന്നത് വലിയ സാഹസത്തോടെയാണ്. കാലു തെറ്റിയാല്‍ കുളത്തിലേക്കാണ് വീഴുക.

ഈ പ്രദേശത്ത് കുടിവെളള ക്ഷാമം രൂക്ഷമാണ്. ജലനിധി പദ്ധതി പ്രകാരം ലഭിക്കുന്ന കുടിവെളളത്തെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. ജനസാന്ദ്രതയേറിയ പ്രദേശം കൂടിയാണിത്. രണ്ട് ഹരിജന്‍ കോളനികളും, ലക്ഷം വീടും,നാല് സെന്റ് കോളനികളും മല്‍സ്യ തൊഴിലാളി ഗ്രാമവും ഇവിടെയുണ്ട്. മങ്ങാട് പാറക്കുളം ഉപയോഗപ്പെടുത്തിയാല്‍ സമീപ പ്രദേശങ്ങളിലെയെല്ലാം കുടിവെളള ക്ഷാമത്തിന് പരിഹാരം കാണാനാവുമെന്ന് പ്രദേശവാസികള്‍ പറയുന്നു.