മഹാമാരിക്കാലത്ത് വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം നൽകാൻ പേരാമ്പ്രയിൽ കുട്ടികളുടെ റേഡിയോ; പ്രക്ഷേപണം ഓഗസ്ത് 15 ന് ആരംഭിക്കും


പേരാമ്പ്ര: മഹാമാരിക്കാലത്തെ ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികൾക്ക് മാനസികോല്ലാസം നൽകാൻ പുതുചരിത്രം സൃഷ്ടിച്ച് പേരാമ്പ്രയിൽ കുട്ടികളുടെ റേഡിയോ. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ,ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കലാസാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ചേർന്ന ഡയരക്ടർ ബോർഡാണ് വിദ്യാർത്ഥികൾക്കാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നത്.

പരിപാടികൾ അവതരിപ്പിക്കുന്നതും അവതാരകരും പൂർണമായും ഉപജില്ലയിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളാണ്.
ഉപജില്ലയിലെ വിദ്യാർത്ഥികളിൽ നിന്ന് പ്രാഥമിക ഓഡിഷൻ നടത്തി ഏഴ് ദിവസത്തെ ആർ.ജെ പരിശീലനം പൂർത്തിയാക്കി. ആകാശവാണി, എഫ്. എം. റേഡിയോയിലെ വിപിൻ രാജ്, കെ.ടോമി, കെ.കെ. മൊയ്തീൻ കോയ, അഞ്ജലി രാജൻ, മനു പി, ദിവ്യ ആർ.എസ്, ബിന്നി സാഹിതി എന്നിവർ പരിശീലനം നൽകി.

വാർത്ത ജാലകം, അരങ്ങ്. കാവ്യാഞ്ജലി, കഥാമൃതം, വായന ക്കപ്പുറം, വചനാമൃതം, തേൻനിലാവ്, ഇശൽ മധുരം, തുടിതാളം, തിരനോട്ടം, വിജയ വീഥി, സമകാലികം, പാഠാവലി , മലർവാടി , സ്കൂൾ ടൈം, ദിന മന്ത്രം തുടങ്ങിയ സെഗ്മന്റുകളിലായി വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കും. മാസത്തിൽ രണ്ട് എപ്പിസോഡുകളിലായി ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന രണ്ട് പരിപാടികൾ ഉണ്ടാകും. കൂടാതെ പ്രത്യേക പരിപാടികൾ ചിട്ടപ്പെടുത്തും.

ലോഗോ പ്രകാശനം ടൈറ്റിൽ സോംഗ് റിലിസിംഗ് നേരത്തെ നടന്നു.ആഗസ്ത് 15 രാവിലെ 9.30 ന് വെബ്സൈറ്റ് ഉദ്ഘാടനവും റേഡിയോ ലോഞ്ചിംഗും നടക്കും. കെ. മുരളീധരൻ എം.പി,ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ
പങ്കെടുക്കും.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റേഡിയോ ചെയർമാൻ ലത്തീഫ് കരയ തൊടി, പേരാമ്പ്ര ബി.പി.സി. റേഡിയോ സി.ഇ.ഒ നിത വി.പി, ഡയറക്ടർ കെ.എം. നസീർ, പ്രോഗ്രാം ഡയറക്ടർ വി.എം. അഷറഫ്, പി.ആർ. ഒ നൗഷാദ് തൈക്കണ്ടി, ഡയറക്ടർമാരായ ചിത്രരാജൻ, കെ ഷാജിമ, എ.കെ.രജീഷ്, ആനന്ദ് ലാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.