മഹാത്മാഗാന്ധിയുടെ പ്രതിമയുടെ കഴുത്തിൽ ബിജെപി കൊടി കെട്ടിയ ആളുടെ ദൃശ്യം പുറത്ത്
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കെട്ടിയ ആളുടെ ദൃശ്യം പുറത്ത്. കൊടി കെട്ടിയത് ശനിയാഴ്ച രാവിലെയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ നഗരസഭാ അധികൃതർക്ക് ലഭിച്ചു. മധ്യവയസ്കനായ ഒരാളാണ് കൊടി കെട്ടിയത്. ദൃശ്യങ്ങൾ നാളെ പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി.
നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽപ്പെട്ടത്. ഗാന്ധി പ്രതിമയുടെ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു ബിജെപിയുടെ കൊടി. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി കെഎസ്യു പ്രവർത്തകർ രംഗത്തെത്തി. പ്രതിമയ്ക്ക് ചുറ്റും സമര വലയം തീർത്തും ഗാന്ധിക്ക് പൂമാലയിട്ടും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചു.
സംഭവവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതികരണം. ഗാന്ധിയുടെ കഴുത്തിൽ ബിജെപി കൊടി കെട്ടിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീഡിയോ കാണാം