മഴ ദുരിതം വിതയ്ക്കുന്നു; പെരുവട്ടൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു


കൊയിലാണ്ടി: ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞു വീണു. പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ കൊക്കേരി പൊയിൽ ബാബുവിൻ്റെ വീടിന് മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ്റെ വീട്ടിലെ തെങ്ങാണ് മുറിഞ്ഞ് ബാബുവിന്റെ വീടിനു മുകളിൽ പതിച്ചത്.

ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ വീടിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. തെങ്ങ് വീണ ഭാഗത്തെ വീടിൻ്റെ മെയിൻ സ്ലാബും ചുമരും, വീടിനോട് ചേർന്നുള്ള ഇരുമ്പ് ഷീററ്കൊണ്ട് ഉണ്ടാക്കിയ വർക്ക് ഏരിയയും പൂർണ്ണമായി തകർന്നിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ വീടിന് മുകളിൽ പതിച്ച തെങ്ങ് മുറിച്ച് മാറ്റിയിട്ടുണ്ട്.