മഴയെ തുടര്‍ന്ന് റോഡ് തകര്‍ന്നു; ഒളവണ്ണയിൽ മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് വീണു


കോഴിക്കോട്: മണ്ണുമാന്തി യന്ത്രം കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് വീണു. കനത്ത മഴയെ തുടര്‍ന്ന് റോഡ് തകര്‍ന്നതിനാലാണ് ലോറി വീടിന് മുകളിലേക്ക് വീണത്.

ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്ങല്‍ റോഡിലാണ് അപകടമുണ്ടായത്. കളത്തിങ്ങല്‍ ഷാഹിദിന്റെ വീടിന് മുകളിലേക്കാണ് ലോറി വീണത്. അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. എന്നാല്‍ വീടിന് സാരമായ കേട് പറ്റിയിട്ടുണ്ട്.

അതേസമയം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ഉയര്‍ന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായാല്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ സജ്ജമാണ്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. പഞ്ചായത്തുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാവണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങളുമായി ആളുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ സ്വയം നിയന്ത്രണങ്ങള്‍ സ്വീകരിക്കണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.