മഴയെത്തി; ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ആധിയോടെ ലക്ഷ്മിയമ്മയും മകളും


ബാലുശ്ശേരി : ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ ദുരിതം അനുഭവിക്കുന്ന അമ്മയ്ക്കും മകള്‍ക്കും തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടംവേണം. പനങ്ങാട് തട്ടാന്റെ പുറായില്‍ താഴത്ത് വീട്ടില്‍ ലക്ഷ്മിയമ്മയും മകള്‍ ലതയുമാണ് കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീഴാറായ വീട്ടില്‍ ഭയത്തോടെ കഴിയുന്നത്.

പ്രായാധിക്യത്താല്‍ അവശയായ ലക്ഷ്മിയമ്മയ്ക്ക് എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ പരസഹായം വേണം. പശുവിനെ വളര്‍ത്തിയും ഇടയ്ക്കിടെ തൊഴിലുറപ്പ് ജോലിയെടുത്തുമാണ് ലത ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. കഠിനാധ്വാനം ചെയ്ത് ലതയും അവശയായിട്ടുണ്ട്.

മഴ ശക്തമായതോടെ ഓട് തകര്‍ന്ന് മഴവെള്ളം വീട്ടിനകത്തേക്കാണ് വീഴുന്നത്. താത്കാലികമായി വീടിനുമുകളില്‍ ടാര്‍പോളിന്‍ വിരിച്ചിട്ടുണ്ട്. കാറ്റ് ശക്തമാകുമ്പോള്‍ ടാര്‍പോളിന്‍ പൊട്ടി വീട് ചോര്‍ന്നൊലിക്കും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചു കിട്ടാന്‍ പഞ്ചായത്തില്‍ പലതവണ അപേക്ഷ നല്‍കിയതായി ലത പറഞ്ഞു. ജനറല്‍ വിഭാഗത്തില്‍ പെട്ടതായതിനാല്‍ വീട് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ലഭിച്ച മറുപടി