മഴക്കെടുതികള്‍ക്കിടയിലും കരുണയില്ലാതെ കേന്ദ്രസര്‍ക്കാര്‍; ഇന്ധനവില ഇന്നും കൂട്ടി; കോഴിക്കോട്ടും ഡീസല്‍വില നൂറ് കടന്നു


കോഴിക്കോട്: കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ മഴക്കെടുതികളും പ്രളയവും അഭിമുഖീകരിക്കുമ്പോഴും ഇന്ധനവില കൂട്ടി കേന്ദ്രസര്‍ക്കാര്‍. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്.

നേരത്തേ തിരുവനന്തപുരത്തും ഇടുക്കിയിലും നൂറ് കടന്ന ഡീസല്‍ വില ഇന്നത്തെ വിലവര്‍ധനവോടെ കോഴിക്കോട്ടും കൊച്ചിയിലും സെഞ്ച്വറിയടിച്ചു. കോഴിക്കോട് ഇന്നത്തെ ഡീസല്‍ വില 100.42 രൂപയും കൊച്ചിയില്‍ 100.22 രൂപയുമാണ്. അതേസമയം തിരുവനന്തപുരത്ത് ഡീസല്‍ വില 102.10 രൂപയായി ഉയര്‍ന്നു.

106.71 രൂപയാണ് കോഴിക്കോട്ടെ ഇന്നത്തെ പെട്രോള്‍ വില. കൊച്ചിയില്‍ ഇത് 106.40 രൂപയും തിരുവനന്തപുരത്ത് 108.44 രൂപയുമാണ്.

25 ദിവസത്തിനിടെ ഡീസലിന് 6.64 രൂപയും പെട്രോളിന് അഞ്ച് രൂയുമാണ് മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്. അതിന് മുമ്പുള്ള നാല് ദിവസം തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചിരുന്നു.

ഇന്ത്യയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പെട്രോളിന് നൂറുരൂപയില്‍ കൂടുതലാണ്. ഒരു ഡസനിലേറെ സംസ്ഥാനങ്ങളില്‍ ഡീസലും സെഞ്ച്വറിയടിച്ചു.

അതേസമയം, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വില ഉടന്‍ കുറയാന്‍ പോകുന്നില്ല എന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരവധി എണ്ണ കയറ്റുമതി രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ പെട്ടെന്നുള്ള ആശ്വാസത്തിന് സാധ്യതയില്ല.