മഴക്കാലമാണ്; ഡെങ്കിപ്പനി പടരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴതുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളിലും ചിരട്ടകളിലും ടയറുകളിലും പൂച്ചെട്ടികളുടെ അടിയിലും മഴവെള്ളപ്പാത്തികളിലും ടെറസുകളിലും മഴവെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ഉണ്ടാകും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാലുതരം വൈറസുകള്‍ ജില്ലയില്‍ കണ്ടെത്തിയതിനാല്‍ ഉറവിട നശീകരണം ഉറപ്പാക്കണം.

ശക്തമായ പനി, വിറയല്‍, തലവേദന, സന്ധിവേദന, ശരീരത്ത് ചെറിയ കുരുക്കള്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി മാരകമായേക്കാം. മെയ് 23 നും തുടര്‍ന്നുവരുന്ന എല്ലാ ഞായറാഴ്ചകളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഡ്രൈ ഡേ ആചരിക്കണം. വീടുകളിലും കൃഷിയിടങ്ങളും കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉടന്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.