മഴക്കാലത്ത് ഇനി ഭയമില്ലാതെ യാത്ര ചെയ്യാം; കടന്തറപ്പുഴയില്‍ ചെമ്പനോട കുറത്തിപ്പാറ തൂക്കുപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി


പെരുവണ്ണാമൂഴി: മരപ്പാലത്തിന് പകരമായി ചെമ്പനോട കുറത്തിപ്പാറയില്‍ കടന്തറപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി. ഒരുകോടിയോളംരൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ തൂണിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിച്ച് നഴ്സ് ലിനിയുടെ സ്മാരകമായാണ് പാലംവരുക.

തിരുവല്ലയിലെ ഇനോസ്പെയര്‍ ടെക്നിക്കല്‍ സൊലൂഷനാണ് പാലം പ്രവൃത്തി കരാറെടുത്തത്. ഇരുവശത്തും രണ്ടുതൂണുകളായുള്ള പാലത്തിന് 45 മീറ്റര്‍ നീളവും മൂന്നുമീറ്റര്‍ വീതിയുമുണ്ടാകും. കുറത്തിപ്പാറഭാഗത്ത് അപ്രോച്ച് റോഡും നിര്‍മിക്കും. പുഴയുടെ തറനിരപ്പില്‍നിന്ന് 3.5 മീറ്റര്‍ ഉയരത്തിലാണ് പാലമുണ്ടാകുക. ആറുമാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് കരാര്‍. മഴവെള്ളപ്പാച്ചിലുണ്ടാകാറുള്ള പുഴയായതിനാല്‍ മഴക്കാലത്തിനുമുമ്പ് വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടിവരും.

പാലം യാഥാര്‍ത്ഥ്യമായാല്‍ ചെമ്പനോടഭാഗത്തുനിന്ന് പശുക്കടവ് ഭാഗത്തേക്ക് ഉള്‍പ്പെടെ യാത്ര എളുപ്പമാകും. പഴയകാലത്ത് ഇവിടെ മരംകൊണ്ട് താത്കാലിക പാലം വര്‍ഷം തോറും നിര്‍മിക്കാറായിരുന്നു പതിവ്. കടന്തറ പുഴ മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകുന്നതിനാല്‍ ഭീതിയോടെയാണ് നാട്ടുകാര്‍ പാലത്തിലൂടെ യാത്രചെയ്തിരുന്നത്. അപ്രതീക്ഷിതമായി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി നിരവധിപേര്‍ ഈമേഖലയില്‍ മരണപ്പെട്ടിരുന്നു.

പ്രശ്‌നത്തിന് പരിഹാരമായി പുതിയ പാലം പണിയണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്ത് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. സ്ഥലം സന്ദര്‍ശിക്കുയും പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. തുടര്‍ന്ന് 2020 ജൂലായിലാണ് പാലം നിര്‍മിക്കാന്‍ 99 ലക്ഷംരൂപ അനുവദിച്ച് ഉത്തരവായത്. പൊതുമേഖലാസ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) നിര്‍മാണച്ചുമതല. പാറപരിശോധന അടക്കമുള്ള നടപടികള്‍ കഴിഞ്ഞവര്‍ഷം അവസാനം പൂര്‍ത്തിയാക്കിയിരുന്നു.