മലയോര മേഖലയ്ക്ക് ആശ്വാസം; ചക്കിട്ടപ്പാറയിലെ ലിറ്റില്‍ ഫ്ലവർ ആശുപത്രി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലെ ലിറ്റില്‍ ഫ്ലവർ ആശുപത്രി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൊവിഡ് മാനദണ്ഡങ്ങള്‍ മുഴുവനും പാലിച്ചാണ് ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് ആശുപത്രി അധീകൃതര്‍ വ്യക്തമാക്കി. ഒരു നേഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്.
24 മണിക്കുറും പ്രവര്‍ത്തികുന്നതിനാല്‍ മലയോര മേഖലയിലെയും ചക്കിട്ടപ്പാറയുടെ സമീപ പ്രദേശങ്ങളിലെയും ആളുകള്‍ പ്രധാനമായി ആശ്രയിച്ചിരുന്നത് ലിറ്റില്‍ ഫ്ലവർ ആശുപത്രിയെ ആയിരുന്നു. എന്നാല്‍ ആശുപത്രിയിലെ ഒരു നേഴ്‌സിന് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ക്വാറന്റയിനിലേക്ക് മാറ്റി ആശുപത്രി മുഴുവന്‍ അണുനശീകരണം നടത്തി പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. എന്നാല്‍ ചിലര്‍ പ്രതിഷേധവുമായി വന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി.
നേഴ്‌സിന് കൊവിഡ് ബാധിച്ചു എന്ന കാരണം പറഞ്ഞ് പ്രദേശത്തെ ചില തത്പര കക്ഷികള്‍ ഇടപെട്ടാണ് ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. ഇതേ തുര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയെത്തിയ ഒട്ടേറെ രോഗികള്‍ വലഞ്ഞു. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധവും ശക്തമായിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് ഇടപെട്ട് ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ പുനരാരംഭിച്ചത്. ആശുപത്രി മുഴുവന്‍ കഴിഞ്ഞ ദിവസം വീണ്ടും അണു നശീകരണം നടത്തി, പുതിയ സ്റ്റാഫുകളെ നിയമിച്ചാണ് ലിറ്റില്‍ ഫ്ലവർ ആശുപത്രി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.