മലയോരമേഖലയിലെ വന്യമൃഗശല്യം: ഇനി സോളാർവേലിയുടെ ഉറപ്പ്


പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ തുടർച്ചയായി കാട്ടാനയെത്തി കൃഷിനശിപ്പിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ. എം. രാജീവൻ കർഷകർക്ക് ഉറപ്പ് നൽകി.

തിങ്കളാഴ്ച വന്യമൃഗങ്ങൾ കൃഷിനാശമുണ്ടാക്കിയ പൈകയിൽ ബാബുവിന്റെ കൃഷിസ്ഥലം സന്ദർശിച്ച ശേഷമാണ് അദ്ദേഹം കർഷകരെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വട്ടക്കയംമേഖലയിൽ കൃഷിനശിപ്പിച്ചതിനെ തുടർന്ന് കർഷകർ പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് നടത്തിയിരുന്നു. കർഷകർ വനം മന്ത്രി എ.കെ. ശശീന്ദ്രനെയും ഫോണിൽ പരാതി അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഡി.എഫ്.ഒ. തന്നെ സ്ഥലത്ത് നേരിട്ടെത്തിയത്. പുഴയോരത്ത് കൂടി ആനകൾ കടന്നുവരുന്ന മേഖലകൾ ഡി.എഫ്.ഒ. നേരിൽക്കണ്ടു.

പദ്ധതികൾ സമർപ്പിക്കും

പഞ്ചായത്ത് പരിധിയിൽ തകർന്നു കിടക്കുന്ന സോളാർ വേലികൾ പ്രവർത്തനക്ഷമമാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ. വ്യക്തമാക്കി. വനാതിർത്തിയിൽ സ്ഥിരം ആനകൾ വരുന്നഭാഗത്ത് എണ്ണപ്പന നട്ടുപിടിപ്പിക്കുന്ന കാര്യവും പരിഗണിക്കും. എണ്ണപ്പനയുടെ മുള്ള് കാരണം അത്തരം മേഖലയിലൂടെയുള്ള യാത്ര ആനകൾ ഒഴിവാക്കുമെന്ന നിഗമനത്തിലാണ് സാമൂഹിക വനവത്കരണ പദ്ധതിയൽപ്പെടുത്തി പരീക്ഷണാർഥം ഇത് ചെയ്യുന്നത്. കണ്ണൂർ ആറളം ഭാഗത്ത് ചെയ്ത പോലെ ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ മതിൽ നിർമിക്കുന്നതിനും പദ്ധതി തയ്യാറാക്കി സമർപ്പിക്കും.

ചെലവ് കൂടിയ രീതിയായതിനാൽ കൂടുതൽ ഫണ്ട് അനുവദിച്ചാൽ മാത്രമേ ഇത് നടപ്പാക്കാനാവൂ. റോപ്പ് ഫെൻസിങ്‌ ചെയ്യുന്നതിനും പദ്ധതി തയ്യാറാക്കി സമർപ്പിക്കും. വനമേഖലയിലെ തെരുവ് വിളക്കുകൾ കത്തിക്കാനും അടിയന്തര നടപടിയുണ്ടാകും. വനത്തോട് ചേർന്നുള്ള സ്ഥലം കൈവശക്കാരുടെ സമ്മതപത്ര പ്രകാരം അളന്ന് തിട്ടപ്പെടുത്തി വനാതിർത്തി നിർണയിക്കുന്ന നടപടികളും ആരംഭിക്കാൻ തീരുമാനിച്ചു.

നഷ്ടപരിഹാരത്തിന് കാലതാമസം

വന്യമൃഗശല്യം തടയാൻ ഉന്നതതല യോഗം ചേർന്ന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ഡി. തോമസും വനമേഖലയിൽ തെരുവുവിളക്കുകൾ കത്തിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം രാജേഷ് തറവട്ടത്തും ഡി.എഫ്.ഒ. വിന് നിവേദനം നൽകി. വിഫാം ചെയർമാൻ ജോയ് കണ്ണഞ്ചിറ, മുൻ പഞ്ചായത്തംഗം സെമിലി സുനിൽ, ബാബു പുതുപറമ്പിൽ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.സി. വിജയൻ, എം. ഗോപി, എം.കെ. പത്മനാഭൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ.കെ. ശ്രീലേഷ് എന്നിവരും ഡി.എഫ്.ഒ.ക്ക് ഒപ്പമുണ്ടായിരുന്നു.