മലയാളം യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍; മോഡിഫൈ ചെയ്ത വാഹനം ആര്‍.ടി.ഒ പിടിച്ചെടുത്തു, നിയമാനുസൃതമായ നടപടിയാണ് കൈക്കൊണ്ടതെന്ന് വാഹനവകുപ്പ്‌


കോഴിക്കോട്‌: മലയാളം യൂട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. മോഡിഫൈ ചെയ്ത വാഹനം ആര്‍.ടി.ഒ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പേരിലാണ് വ്ലോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരുടെ മോഡിഫൈ ചെയ്ത വാന്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതേതുടര്‍ന്ന് നേരത്തെ ഇവരുടെ വാഹനം കണ്ണൂര്‍ ആര്‍.ടി.ഒ കസ്റ്റഡിയിലെടുക്കുകയുണ്ടായി. എന്നാല്‍ പെര്‍മിറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാഹനം വീണ്ടും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരോട് ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയാണുണ്ടായത്.

എന്നാല്‍ ഓഫീസില്‍ എത്തിയ ഇവര്‍, പൊലീസ് തങ്ങളോട് അന്യായം പ്രവര്‍ത്തിക്കുന്നതായി ലൈവ് വീഡിയോ ഇട്ട് പറഞ്ഞു. മോഡിഫിക്കേഷന്‍റെ പേരില്‍ നാല്‍പ്പത്തിയൊന്നായിരം രൂപ പിഴയിട്ടു. തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ ഇവര്‍, ഓഫീസില്‍ പൊട്ടിക്കരയുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് തുടര്‍ന്ന് ആര്‍.ടി.ഒ ഓഫീസില്‍ അരങ്ങേറിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുമായും വാക്കുതര്‍ക്കമുണ്ടായി. ലൈവ് വീഡിയോ കണ്ട് ഇവരുടെ ആരാധകരും സ്ഥലത്തെത്തുകയുണ്ടായി.

എന്നാല്‍ വ്ലോഗര്‍മാര്‍ക്കെതിരെ നിയമാനുസൃതമായ നടപടി മാത്രമാണ് കൈകൊണ്ടതെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈവില്‍ തെറ്റായ സന്ദേശം നല്‍കുകയാണ് ഇവര്‍ ചെയ്തത്. ആരാധകരുള്ളവരെന്ന നിലയില്‍ നിയമം ലംഘിക്കാന്‍ ആര്‍ക്കും അനുമതിയില്ല. ജോലി തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ നിയമപരമായി തന്നെ നീങ്ങുമെന്നും വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.