മലയടിവാരത്തെ ചന്തമുള്ള കോഴിപ്പാറ


എഴുത്ത് : അനൂപ് ദാസ്
ചിത്രങ്ങൾ : അപ്പുക്കുട്ടൻ ചെറുതുരുത്തി

ഇരുട്ട് വല്ലാതെ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. രാത്രി 12 മണി കഴിഞ്ഞു. വളവ് കടന്നെത്തുന്നത് അടുത്ത വളവിലേക്കാണ്. അത് കഴിഞ്ഞാല്‍ പിന്നെയും കയറ്റവും വളവും. ചെറുതായി മഞ്ഞ് വീഴ്ചയുണ്ട്. ഇരുട്ടിലൂടെ, മഞ്ഞിലൂടെ മൂന്ന് ബൈക്ക് മലമുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ഓമശ്ശേരിയില്‍ നിന്ന് ഇതുവരെയുള്ള യാത്ര ഏതാണ്ട് 25 കിലോമീറ്റര്‍ പിന്നിട്ടു. ഇനി രണ്ട് കിലോ മീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ താഴെ കക്കാടം പൊയിലിലെത്താം. അവിടെയാണ് താമസം. കുത്തനെയുള്ള കയറ്റത്തിന്റെ ഒത്ത മുകളിലേക്ക് ബൈക്കുകള്‍ ഏന്തി വലിച്ച് കയറി. രാത്രി അവിടെ തങ്ങി.

നേരം പുലര്‍ന്ന് വരുന്നേയുള്ളു. മൂടിയ കോടയ്ക്കിടയില്‍ നിഴല്‍പോലെ മരങ്ങളും കാപ്പിച്ചെടികളും. കോഴിപ്പാറയിലേക്കാണ്. കോടയെ കീറിമുറിച്ചാണ് സാവധാനമുള്ള ബൈക്ക് യാത്ര. ഇരുഭാഗത്തും കൃഷിയിടങ്ങള്‍. കാപ്പിയും കവുങ്ങും തെങ്ങും വാഴയും കരുമുളകുമെല്ലാമുണ്ട്. കര്‍ഷകന്റെ സ്വര്‍ഗമായിരുന്നു ഒരു കാലത്ത് കക്കാടംപൊയില്‍. കാടിനോടും വന്യമൃഗങ്ങളോടും പടവെട്ടി മണ്ണില്‍ അവര്‍ വിത്തിട്ടു. മലയടിവാരത്ത് ജീവിതങ്ങള്‍ മുളച്ചു പൊന്തി. സമൃദ്ധിയുടെ നാളുകളായിരുന്നു. കൃഷിയും ആരാധനയും കാടനുഭവങ്ങളുമായി സമൂഹം രൂപപ്പെട്ടു. ഇടയ്ക്ക് കൃഷി പ്രതിസന്ധിയിലായപ്പോഴും പിടിച്ച് നിന്ന് അവര്‍ മുന്നോട്ടു കുതിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ മണ്ണ് കൂട്ടിവെച്ച് വെള്ളവും വളവും നല്‍കി വളര്‍ത്തിയ കുരുമുളകും കാപ്പിയും കര്‍ഷകന്റെ പ്രതീക്ഷ കൈവെടിയുന്നില്ല. കുലയ്ക്കാറായിട്ടുണ്ട് വാഴത്തോപ്പുകള്‍. ചെറിയ വീടുകളാണ് കണ്ടതിലേറെയും. ആര്‍ഭാടങ്ങളില്ലാത്ത പാര്‍പ്പിടങ്ങള്‍. പരമാവധി പ്രകൃതിയോട് ചേര്‍ന്ന്. അതിനിടയില്‍ ആര്‍ഭാടത്തോടെ ഭീമാകാരമായ കെട്ടിടങ്ങളുമുണ്ട്. റിസോട്ടുകള്‍. പുറം നാട്ടുകാര്‍ ഏറെയൊന്നും എത്തിപ്പെടാതിരുന്ന കക്കാടംപൊയിലിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അവരെക്കാത്താണ് മലമുകളിലെ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.

ആളനക്കം അധികമില്ലാത്ത വഴിയോരം. പുലര്‍കാല യാത്ര തുടരുകയാണ്. ഇടയില്‍ കുറച്ച് കടകളും ബസ്സ് കാത്തിരിപ്പ് കേന്ദ്രവുമൊക്കെയുള്ള ഇടം. ഇതാണ് കക്കാടംപൊയില്‍ അങ്ങാടി. നേരം വെളുക്കുമ്പോള്‍ ചായക്കടകളിലെത്തി നാട്ടു വിശേഷം പറയുന്നവരും അതിരാവിലെ കോഴിക്കോട്ടേക്കുള്‍പ്പെടെ പോകാനുള്ളവരുമായി വിരലിലെണ്ണാവുന്നവരേ അങ്ങാടിയിലുള്ളു. കോടമഞ്ഞില്‍ പുതഞ്ഞ ഈ നാട്ടു കവലയ്ക്ക് നല്ല ചന്ദമുണ്ട്. തണുത്തു വിറച്ച അങ്ങാടിയും താണ്ടി മുന്നോട്ട്. ഒരു ബസ്സിന് കഷ്ടിച്ച് പോകാന്‍ കഴിയുന്ന വീതിയുള്ള റോഡിന് ഇരു വശത്തും തോട്ടങ്ങള്‍ അതിരിടുന്നു. ഇടയ്ക്ക് ചെറിയ ഒന്ന് രണ്ട് ചായക്കടകള്‍. വഴിയോരത്തൊരു കെഎസ്ആര്‍ടിസി നിര്‍ത്തിയിട്ടിരിക്കുന്നുണ്ട്. കാഴ്ചയില്‍ നിന്ന് വീടുകള്‍ പൂര്‍ണമായും മായുകയാണ്. ഇരുവശത്തും കൃഷിയും ചിലയിടങ്ങളില്‍ വള്ളിപ്പടര്‍പ്പും മാത്രം. മഞ്ഞ് ഏറി വരുന്നു. ദൂരെ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കാം. കോഴിപ്പാറവെള്ളച്ചാട്ടത്തിനടുത്ത് നിന്നാണത്. യാത്രികര്‍ എത്തിത്തുടങ്ങുന്നതേയുള്ളു. ഇരുചക്രവാഹനക്കാരാണ് അതി രാവിലെ എത്തുന്നത്.

വനംവകുപ്പിന്റെ ഓഫീസിന് മുന്നിലൂടെ വേണം വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാന്‍. വനംവകുപ്പ് ഓഫീസ് അതിരാവിലെ തുറക്കില്ല. ടിക്കറ്റ് കൗണ്ടര്‍ തുറക്കുന്നതും കാത്ത് നില്‍പ്പാണ്. ഏറെ വൈകാതെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗാര്‍ഡുമാരും എത്തി. ഒരാള്‍ക്ക് 20 രൂപയുടെ ടിക്കറ്റ്. ഗാര്‍ഡ്മാര്‍ക്ക് പുറകിലായി നടപ്പാരംഭിച്ചു. ഏറെയൊന്നുമില്ല. തൊട്ടടുത്തുള്ള നടപ്പാതയിലൂടെ നൂറു മീറ്റര്‍ നടന്നാല്‍ വെള്ളച്ചാട്ടം കാണാം. മൂന്ന് ഭാഗത്തും മല നിരകള്‍. ഇടയിലൂടെ ഒലിച്ചിറങ്ങുന്ന സൗന്ദര്യം. ഒരിടത്ത് മാത്രമുള്ള ശക്തിയായ വെള്ളച്ചാട്ടമല്ല. പകരം ഏതാണ്ട് അരക്കിലോ മീറ്റര്‍ ദൂരത്തില്‍ നീണ്ട് പരന്ന് കിടക്കുന്ന കാനന സൗന്ദര്യമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. അത് തന്നെയാണ് ഈ ഇടത്തിന്റെ പ്രധാന പ്രത്യേകത. ഏറ്റവും മുകളില്‍ കാടിനകത്ത് നിന്ന് വെള്ളം ഇരച്ചിറങ്ങിവരുന്നത് കാണാം. കോടയില്‍ പുതഞ്ഞ മലനിരകള്‍ക്കിടയിലൂടെ കോരിച്ചെരിയുന്ന കാട്ടാര്‍ അതിമനോഹര കാഴ്ചയാണ്. ഉയര്‍ന്ന പാറക്കൂട്ടത്തിന് മൂകളില്‍ നിന്ന് ചാടി ഒലിച്ചിറങ്ങിവരുന്നത് വിശാലമായ പാറയിടുക്കിലേക്ക്. നാട്ടിടങ്ങളിലെ കുളം പോലുള്ളിടം. സുരക്ഷയോടെ കുളിക്കാനും, യാത്ര ആഘോഷിക്കാനും അവസരം കിട്ടുന്നയിടം. ഏതാണ്ട് ഒരാളുടെ അരയ്‌ക്കൊപ്പമേ ഇവിടെ വെള്ളമുണ്ടാകു. നീന്തല്‍ അറിയാത്ത ആള്‍ക്കുപോലും വെള്ളത്തില്‍ ആര്‍മ്മാദിക്കാം. ഇപ്പോഴും മഞ്ഞ് മാറിയിട്ടില്ല. അകലിന്നെവിടെനിന്നോ ഉയര്‍ന്ന് പൊങ്ങി പിന്നീട് താഴ്ന്ന് പരന്ന് മലനിരകളെ മറച്ച് തഴുകി ഒഴുകി വരുന്നുണ്ട് കോട. മലയിടുക്കില്‍ നിന്നുള്ള വെള്ളം വീണ്ടും ഒഴുകുകയാണ്. താഴെ വിശാലമായ ഇടം. അവിടെയും കുളിക്കാനും ഇരുന്നാസ്വദിക്കാനും ധാരാളം ഇടമുണ്ട്. അതിനും താഴെ കാടിനെ അറിയാന്‍, കാണാന്‍ വ്യൂ പോയിന്റ് പോലുള്ള സൗകര്യവും.

ഇടതൂര്‍ന്ന കാടാണ് മൂന്ന് ഭാഗത്തും. കടും പച്ച. തിങ്ങിനിറഞ്ഞ ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍നിന്ന് കോട ഉയര്‍ന്നു വരുന്നു. അതിനിടയില്‍ ഇരു ഭാഗത്ത് നിന്ന് കോണുകൊള്ളെ താഴേക്ക് നീളുന്ന പാറക്കൂട്ടം. ആ പാറക്കൂട്ടത്തെ സുന്ദരിയാക്കുന്ന വെള്ളപ്പാച്ചില്‍. അനുഭവിക്കേണ്ട ഇടമാണ് കോഴിപ്പാറ. കരുതലിന് ഗാര്‍ഡുമാര്‍ കൂടെയുണ്ടാകും. അവര്‍ കാടനുഭവങ്ങള്‍ പങ്കുവെക്കും.

കടന്നുവന്ന വഴിയെല്ലാം കോഴിക്കോട് ജില്ലയിലാണെങ്കില്‍ വെള്ളച്ചാട്ടം മലപ്പുറത്താണ്. നിലമ്പൂര്‍ വനാതിര്‍ത്തിയില്‍. നാടുകാണിച്ചുരം ഉള്‍പ്പെടെ കണ്ട് കാടിന്റെ വശ്യതയെ അറിയാനുള്ള സൗകര്യം വനം വകുപ്പ് നിലമ്പൂര്‍ റെയ്ഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.