മലബാറിലെ ഐതിഹ്യ പെരുമ കോര്‍ത്തിണക്കി ഗാനങ്ങളാക്കി; അംഗീകാര നിറവില്‍ കുറ്റ്യാടി സ്വദേശി രാജന്‍ വടയം


കുറ്റ്യാടി: മലബാറിലെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളുടെ ഐതിഹ്യ പെരുമ വിളിച്ചോതിയ ഭക്തിഗാന രചനയ്ക്ക് രാജന്‍ വടയത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം. കോവിഡ് കാലത്ത് സംഗീത കലാകാരന്മാര്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തിയ ഗാനരചനാ മത്സരത്തിലാണ് രാജനെ തിരഞ്ഞെടുത്തത്. രാജന്‍ വടയം എഴുതിയ ‘മലയാള പെരുമയില്‍ തുയിലുണര്‍ത്തി….. ‘ എന്ന ഗാനമാണ് അംഗീകാരത്തിന് അര്‍ഹമായത്.

കടത്തനാട് പ്രദേശത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ക്ഷേത്രങ്ങളുടെ കഥകള്‍ തുടിക്കുന്ന ഗാനങ്ങള്‍, കുറ്റ്യാടിയുടെ ചരിത്രമായ പഴശ്ശി കോവിലക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഴമക്കാര്‍ പറഞ്ഞു വന്നിരുന്ന ‘ കുഞ്ഞനന്തന്റെ ചിന്നം വിളി ” സംഗീത ശില്‍പ്പം എന്നിവ കോഴിക്കോട് ആകാശവാണി പലതവണ സംപ്രേഷണം ചെയ്തിട്ടുണ്ട്. കഥ, കവിത, നാടകം എന്നിവയും രാജന്‍ വടയത്തിന്റെ തൂലികയിലൂടെ പിറവിയെടുത്തിട്ടുണ്ട്.