മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌ക്കാരം പി.രമാദേവിയ്ക്ക്


ചേമഞ്ചേരി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ സംഗീതജ്ഞന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌ക്കാരം കുച്ചുപ്പുഡി നര്‍ത്തകി പി. രമാദേവിക്ക് നല്‍കാന്‍ തീരുമാനം. നൃത്തരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌ക്കാരം സമര്‍പ്പിക്കുന്നത്. പി.ജി.ജനാര്‍ദ്ദനന്‍ വാടാനപ്പള്ളി, ഡോ.ഭരതാഞ്ജലി മധുസൂദനന്‍, ലജ്‌ന, സത്യന്‍ മേപ്പയ്യൂര്‍, ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവന്‍ എന്നിവരടങ്ങിയ ജൂറികമ്മിറ്റിയാണ് ഡോ.പി.രമാദേവിയെ തെരഞ്ഞെടുത്തത്.

സ്വദേശത്തും വിദേശത്തും നൂറുകണക്കിന് ശിഷ്യരുള്ള ഡോ.രമാദേവി ഇപ്പോള്‍ അമേരിക്കയിലെ സിലിക്കോണ്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറാണ്. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി നൃത്തോത്സവങ്ങളില്‍ പങ്കെടുത്ത രമാദേവി ചേമഞ്ചേരി പടിഞ്ഞാറയില്‍ കുടുംബാംഗമാണ്. ശില്‍പ്പവും, പതിനയ്യായിരം രൂപയും, പ്രശസ്തിപത്രവും ചേര്‍ന്നതാണ് പുരസ്‌ക്കാരം.

മലബാര്‍ സുകുമാരന്‍ ഭാഗവതരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ പൂരസ്‌ക്കാരം ഏറ്റുവാങ്ങുന്ന പതിനെട്ടാമത്തെ കലാപ്രതിഭയാണ് പി.രമാദേവി. ഏപ്രില്‍ 22 ന് കലാലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഗവതര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.