മലപ്പുറത്ത് ഫുട്ബോൾ അക്കാദമി: ഐ.എം.വിജയൻ ഡയരക്ടർ; സർക്കാർ ഉത്തരവിറങ്ങി


മലപ്പുറം: മലപ്പുറത്ത് എംഎസ്പി കേന്ദ്രീകരിച്ച് ഫുട്ബോൾ അക്കാദമി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. ഐ.എം.വിജയനെ അക്കാദമി ഡയരക്ടറായി സർക്കാർ ഉത്തരവിറക്കി. കേരളത്തിലെ കുട്ടികളെ രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ താരങ്ങളായി വളർത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

തീരുമാനം വന്നതിനു ശേഷം ഐ.എം.വിജയൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചു. സർക്കാർ എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തതായി വിജയൻ പറഞ്ഞു. സർക്കാർ എനിക്ക് തന്ന അംഗീകാരമാണിതെന്നും മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി മികച്ച ഫുട്ബോൾ താരങ്ങളായി വളർത്തിയെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. വിദഗ്ധരായ പരിശീലകരെയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇതിനായി ഒരുക്കും.

സംസ്ഥാന സർക്കാർ തീരുമാനത്തെ നിറമനസ്സോടെ സ്വാഗതം ചെയ്യുകയാണ് ഫുട്ബോൾ താരങ്ങളും കായിക പ്രേമികളും. ഒരുപാട് പുതിയ താരങ്ങളെ വളർത്തിയെടുക്കാൻ അക്കാദമിയിലൂടെ സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം യു.ഷറഫലി പറഞ്ഞു. ഇത് ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കുള്ള അംഗീകാരമാണെന്ന് മുൻ കേരള ക്യാപ്റ്റൻ കുരികേശ് മാത്യു പ്രതികരിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയനെ അക്കാദമി ഡയരക്ടറായി നിയമിച്ചത് ഏറെ സന്തോഷകരമാണ് എന്ന് മുൻ താരം ആസിഫ് സഹീർ പറഞ്ഞു.