മലപ്പുറത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്


മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന്‍ ഉസ്മാന്‍ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.

ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയിലാണ് ഓട്ടോ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍മൂച്ചി അസന്‍ കൂട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.