മലപ്പുറത്ത് ടാങ്കര്‍ ലോറി അപകടം; പെട്രോള്‍ പരന്നൊഴുകിയതോടെ ജനം ചിതറിയോടി, ഒഴിവായത് വന്‍ ദുരന്തം, വീഡിയോ കാണാം
താനൂര്‍: മലപ്പുറം താനൂരില്‍ ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി പോസ്റ്റിലും കൈവരിയിലുമിടിച്ചു. ടാങ്കര്‍ തകര്‍ന്ന് റോഡില്‍ പെട്രോള്‍ പരന്നൊഴുകി. ഇന്നലെ രാത്രി എട്ടരയോടെ താനൂര്‍ ജങ്ഷനിലാണ് അപകടമുണ്ടായത്. ടാങ്കറിന്റെ ചോര്‍ച്ചയും താല്‍ക്കാലികമായി അടച്ചു. നിലവില്‍ അപകട സാഹചര്യം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.
നിറയെ പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി പോസ്റ്റിലും തുടര്‍ന്ന് ഇരുമ്പ് കൈവരിയിലും ഇടിച്ചാണ് പെട്രോള്‍ ചോര്‍ന്നൊഴുകി റോഡിലാകെ പരന്നത്. നിയന്ത്രണം വിട്ട ലോറി പിന്നീട് ജംക്ഷനിലെ സ്റ്റേഷനറിക്കടയുടെ മുന്നിലേക്കു പാഞ്ഞു കയറി. തീരദേശ റോഡില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് അപകടം. ഇന്ധനം റോഡില്‍ ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
പരിസരത്തുണ്ടായിരുന്നവരും വ്യാപാരികളും ഓടി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും സ്ഥലത്തു നിന്ന് ഉടന്‍ മാറ്റി. കടകള്‍ അടച്ചു. വൈദ്യുതി ബന്ധവും വിഛേദിച്ചു. അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഇന്ധനം അടുത്തുള്ള അഴുക്കുചാലിലേക്ക് വെള്ളമടിച്ച് ഒഴുക്കി വിട്ടു.
വീഡിയോ-