മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു
ഗ്ലോസ്റ്റര്‍, യു.കെ: മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു. ചുങ്കത്തറ സ്വദേശിനിയായ അഞ്ജു വിനോഷ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഞ്ജു.
യു.കെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ് ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു അഞ്ജു. എട്ട് മാസം മുമ്പാണ് നഴ്‌സിങ് ബിരുദധാരിയായ അഞ്ജു യു.കെയില്‍ എത്തിയത്. ഗ്ലോസ്റ്ററില്‍ കുടുംബമായി താമസിച്ച് വരുന്നതിനിടെയാണ് അസുഖബാധിതയാവുന്നത്.
ഏപ്രില്‍ 23 ന് കഠിനമായ തലവേദനയെ തുടര്‍ന്ന് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയിലാണ് അഞ്ജു വിനോഷ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്യൂമര്‍ കാരണമാണ് തലവേദന എന്ന് കണ്ടെത്തുകയും തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ജു എല്ലാവരോടും പ്രതികരിച്ചു തുടങ്ങിയിരുന്നു.
എന്നാല്‍ ബുധനാഴ്ചയോടെ അഞ്ജുവിന് സ്‌ട്രോക്ക് വരികയും അവശനിലയിലാവുകയുമായിരുന്നു. തുടര്‍ചികിത്സ നടത്തി വരുന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് അഞ്ജു മരണത്തിന് കീഴടങ്ങിയത്.
സീനിയര്‍ കെയര്‍ വിസയിലാണ് അഞ്ജു യു.കെയില്‍ എത്തിയത്. അതിന് മുമ്പ് പഞ്ചാബിലെ റയാന്‍ സ്‌കൂളിലെ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. ഭര്‍ത്താവ് ചുങ്കത്തറ പനമണ്‍ മേലേക്കരിപ്പാച്ചേരിയില്‍ വീട്ടില്‍ വിനോഷ് രണ്ടര മാസം മുമ്പാണ് ഡിപ്പന്റന്റ് വിസയില്‍ അഞ്ജുവിനടുത്തെത്തുന്നത്.
എട്ടുവയസുകാരനായ അല്‍റെന്‍ ഏകമകനാണ്. മകന്‍ നാട്ടിലാണ് ഉള്ളത്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടില്‍ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ് അഞ്ജു.