മലനിരകളും തേയിലത്തോട്ടങ്ങളും മൂടല്‍ മഞ്ഞും; 22 ഹെയര്‍പിന്‍ കയറി ചെല്ലുന്നത് സ്വര്‍ഗത്തിലേക്ക്, പൊന്മുടിയുടെ വിശേഷങ്ങള്‍ അറിയാം


ലനിരകളും തേയിലത്തോട്ടങ്ങളും സദാസമയവും മൂടല്‍മഞ്ഞിന്റെ തലോടലും, മൂന്നാറോ ഊട്ടിയോ കൊടൈക്കനാലോ അല്ല പൊന്മുടിയുടെ സൗന്ദര്യത്തെയാണ് വര്‍ണിക്കുന്നത്. സദാസമയവും മഞ്ഞു പെയ്തിറങ്ങുന്ന മല കാണണമെങ്കില്‍ പൊന്മുടിയിലേക്ക് പോകണം.

തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടല്‍ മഞ്ഞും കലര്‍ന്നതാണ്.അതു തന്നയാണ് അവിടുത്തെ ആകര്‍ഷണവും.

തിരുവനന്തപുരം നഗരത്തില്‍ നിന്നു പൊന്മുടിയിലേക്കുള്ള യാത്ര ആരംഭിച്ച് കുറച്ചു കഴിയുമ്പോള്‍ തന്നെ, ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റുമായിരിക്കും സഞ്ചാരികളെ സ്വാഗതം ചെയ്യുക. നിമിഷനേരം കൊണ്ട് അടുത്തുള്ള കാഴ്ചയെ മറക്കുന്ന കോടമഞ്ഞിന്റെ കുളിര്‍മയും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യ സൗന്ദര്യവും ഏതു സഞ്ചാര പ്രേമിയുടെയും മനസ് നിറയ്ക്കും.

കാറ്റിന്റെവേഗത കൂടുതലുള്ള സമയത്ത് മിനിറ്റുകള്‍ കൊണ്ട് കോടമഞ്ഞ് നമ്മെ തഴുകി തലോടി അപ്രത്യക്ഷമാകും. ആ സമയം തൊട്ടടുത്തു നില്‍ക്കുന്നവരേ പോലും കാണാന്‍ കഴിയാത്തവിധം കോടയായിരിക്കും. മഴ കൂടുതലുള്ള സമയമാണെങ്കില്‍ ചുറ്റുമുള്ളത് ഒന്നും കാണാന്‍ കഴിയില്ല. ഇരുപത്തിരണ്ട് ഹെയര്‍പിന്‍ വളവുകള്‍ ചുറ്റിക്കയറിയാലെത്തുന്നത് ഒരു സ്വര്‍ഗത്തിലേക്കാണ്. കോടമഞ്ഞ് പെയ്തിറങ്ങുന്ന പൊന്മുടിയുടെ മലമടക്കുകള്‍ എല്ലാക്കാലത്തും വിനോദസഞ്ചാരികളുടെ പറുദീസയാണ്. നട്ടുച്ചയ്ക്ക് പോലും ഇവിടെ കോടമഞ്ഞ് പെയ്തിറങ്ങുന്നത് കാണാം.

പൊന്‍മുടിയിലെ കാഴ്ചകള്‍

ഇടത്താവളമൊരുക്കി കല്ലാറും മീന്‍ മുട്ടിയും

പൊന്മുടിയിലേക്ക് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ആദ്യം കാണുന്ന കാഴ്ചയാണ് കല്ലാര്‍. ഇവിടേക്കുള്ള യാത്രയിലെ ഇടത്താവളമാണ് കല്ലാര്‍. ഇതിനടുത്തായിട്ടാണ് പ്രശസ്തമായ മീന്‍മുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കല്ലാറിന്റെ തീരം ചേര്‍ന്നുളള കാനനപ്പാതയിലൂടെ ട്രക്കിങ് നടത്തി വെളളച്ചാട്ടം കാണാം. ഇതിന് ഫോറസ്റ്റ് അധികൃതരുടെ അനുമതി വേണം.

ടോപ്പ് സ്റ്റേഷന്‍

പൊന്മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയായിട്ടാണ് ടോപ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. മൂടല്‍മഞ്ഞിനിടയിലൂടെയുള്ള ആ യാത്ര അവിസ്മരണീയമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ പ്രദേശമാണ് ടോപ് സ്റ്റേഷന്‍. അതിനടുത്തായി ചെറിയൊരു ചെക്ക് പോസ്റ്റുണ്ട്. ഇവിടെ വരെ മാത്രമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ഈ ചെക്ക് പോസ്റ്റിനരികിലായി പൊന്മുടി ടൂറിസത്തിന്റെ ശിലാഫലകവും ശില്‍പങ്ങളും കാണാം.

പേപ്പാറ വന്യജീവി സങ്കേതം

പൊന്‍മുടി സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് പേപ്പാറ വന്യജീവി സങ്കേതം. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ ഭാഗമാണ്. 1983ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച ഇവിടെ വന്യജീവി മൃഗങ്ങളെ ധാരാളമായി കണ്ടുവരുന്നു. നിത്യഹരിത വനങ്ങള്‍, കുന്നുകള്‍, താഴ്വരകള്‍, ശുദ്ധജല തടാകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ വന്യജീവി സങ്കേതം.

അഗസ്ത്യാര്‍ കൂടം

ട്രക്കിങ് പറുദീസയായ അഗസ്ത്യാര്‍കൂടം പൊന്മുടി സന്ദര്‍ശനവേളയില്‍ കാണാം. പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രം എന്നതിനപ്പുറം, അഗസ്തകൂടം ട്രക്കിങ് പ്രേമികളുടെ ഇഷ്ടയിടമാണ്. രണ്ടുദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന 28 കിലോമീറ്റര്‍ നീളമുള്ള ട്രെക്കിങ്ങാണ് ഇവിടെയുള്ളത്. 6128 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ വനമേഖല, കേരളത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായി കണക്കാക്കപ്പെടുന്നു.

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയുടെ തുടക്കം തിരുവനന്തപുരം ബോണാക്കാടുള്ള ഫോറസ്‌റ് പിക്കറ്റ് സ്റ്റേഷനില്‍ നിന്നാണ്. 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെയും നീലക്കുറിഞ്ഞി പൂക്കും. അത്യപൂര്‍വങ്ങളായ നിരവധി ഔഷധസസ്യങ്ങളാല്‍ സമൃദ്ധമാണിവിടം. രണ്ടായിരത്തിലധികം ഔഷധച്ചെടികള്‍ ഗവേഷകര്‍ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.

മങ്കയം വെള്ളച്ചാട്ടം

പൊന്മുടി യാത്രയിലെ പ്രശസ്തമായ കാഴ്ചകളില്‍ മറ്റൊന്നാണ് മങ്കയം വെള്ളച്ചാട്ടം. കാടിനു നടുവിലൂടെയാണെത്തുന്നതെങ്കിലും അതിന്റെ വന്യതയൊന്നും മങ്കയം വെള്ളച്ചാട്ടത്തിനില്ല. വളരെ ശാന്തമായൊഴുകുന്ന വെള്ളച്ചാട്ടമാണിത്.

കുട്ടികള്‍ക്കും കുടുംബത്തിനുമെല്ലാം സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കും. ചെറൂഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വനമേഖലയിലൂടെവരുന്ന നദിയാണ് ചിറ്റാര്‍. ചിറ്റാറിന്റെ കൈവഴിയായാണ് മങ്കയം ഒഴുകുന്നത്.വെള്ളച്ചാട്ടത്തിന്റെ സമീപം വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.

വരയാട്ടുമൊട്ട

1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വതശിഖരം പൊന്‍മുടിയില്‍ നിന്നോ മങ്കയം ചെക്ക് പോസ്റ്റില്‍ നിന്നോ എളുപ്പത്തില്‍ എത്തിച്ചേരാം. പൊന്മുടിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായി കണക്കാക്കപ്പെടുന്ന ഇവിടം വരയാടുകളുടെ ആവാസകേന്ദ്രമാണ്. കുത്തനെയുള്ള മലനിരകളിലൂടെ തകര്‍പ്പന്‍ ട്രെക്കിംഗിലൂടെ നിങ്ങള്‍ക്ക് ഇതിനു മുകളില്‍ എത്താം.

സെന്തുരുണി വന്യജീവി സങ്കേതം

വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ വന്യജീവിസങ്കേതം.ജംഗിള്‍ സഫാരി, ട്രെക്കിങ്,ക്യാമ്പിങ് തുടങ്ങി വന്യജീവിസങ്കേതത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കാന്‍ പെര്‍മിറ്റ് നിര്‍ബന്ധമാണെങ്കിലും മറ്റു പ്രവേശന ഫീസുകള്‍ ഒന്നും തന്നെയില്ല.പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശമായ ഇവിടം അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.