മരുതോങ്കരയിലും ആയഞ്ചേരിയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റിസള്‍ട്ട് പോസിറ്റീവ് ആയാലും നെഗറ്റീവായാലും എന്തൊക്കെ നടപടികള്‍ വേണം എന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കുറ്റ്യാടി പഞ്ചായത്ത് ഹാളിലാണ് മന്ത്രി റിയാസിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നത്.

നിപ ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ച മരുതോങ്കരയില്‍ ആശങ്കക്ക് വകയില്ലെന്നും ഇവിടെ 90 വീടുകളില്‍ പരിശോധന നടത്തിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും റിയാസ് വ്യക്തമാക്കി. ആയഞ്ചേരിയില്‍ വാര്‍ഡ് 13 ലാണ് മറ്റൊരു രോഗി മരിച്ചത്. ഇവിടെയും നിലവില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളിലും പഞ്ചായത്തുകളിലും ആര്‍ക്കെങ്കിലും പനി ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു.


രോഗികളെ സന്ദര്‍ശിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. നിലവില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും റിയാസ് വ്യക്തമാക്കി. പനി മരണം സംഭവിച്ച സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പോകുന്ന സാഹചര്യം ഒഴിവാക്കണം. അവിടത്തെ ആളുകളുടെ പ്രതികരണം എടുക്കുന്നതും മാധ്യമങ്ങള്‍ ഒഴിവാക്കണം എന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കുറ്റ്യാടി എം എല്‍ എ കെ പി കുഞ്ഞമ്മദ് കുട്ടി, നാദാപുരം എം.എല്‍.എ ഇ കെ വിജയന്‍, മരുതോങ്കര, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും യോഗത്തിനെത്തി. വൈകിട്ട് വിവിധ വകുപ്പ് മേധാവികളുടെ യോഗവും കോഴിക്കോട് പേരും.