മരുതേരിയില്‍ അനീഷിന്റെ മരണത്തോടെ ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായി നാട്; സഹായ കമ്മറ്റി രൂപീകരിച്ചു
പേരാമ്പ്ര: വിദ്യാർഥികളായ രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മരുതേരി കടുക്കാടുമ്മല്‍ അനീഷിന്റെ (42) മരണത്തോടെ പ്രയാസത്തിലായ കുടുംബത്തിന് കൈത്താങ്ങാവാൻ നാടൊരുങ്ങുന്നു. കൂലിപ്പണിക്കാരനായിരുന്ന അനീഷ് നിത്യവും പണിക്ക് പോയായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അനീഷ് മരിച്ചതോടെ ഈ കുടുംബത്തിന് നിത്യവൃത്തിക്കുപോലും ഗതിയില്ലാതായി. ഈ സാഹചര്യത്തിൽ അനീഷിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം യു.സി. അനീഫ (ചെയർ), പി.സി. സജിദാസ് (ജന. കണ്‍), ഒ.ടി. രാജു (ട്രഷ) എന്നിവര്‍ ഭാരവാഹികളായാണ് കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചത്.
ഫണ്ട് സമാഹരണത്തിനുവേണ്ടി കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ശാഖയിൽ എന്ന നമ്പറിൽ 40173101038134 (IFSC CODE: KLGB0040173 ) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.