‘മരിച്ചെന്ന് കരുതിയ ആയിഷ ബീഗം ജീവനോടെ ജന്മനാട്ടിലേക്ക്’; കോഴിക്കോടിന്റെ സ്‌നേഹ തണലില്‍ നിന്ന് അവര്‍ മടങ്ങി


കോഴിക്കോട്: ആയിഷ ബീഗം മരിച്ചെന്നാണ് യു.പി ബരാബങ്കിയിലെ ആ ഗ്രാമനിവാസികളാകെ വിശ്വസിച്ചിരുന്നത്. ഗ്രാമത്തിലൊരിടത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ ആയിഷയുടേതെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഖബറടക്കുകയും ചെയ്തു. എന്നാല്‍, ‘മരിച്ച’ ആയിഷ മലയാള മണ്ണില്‍നിന്ന് തിരിച്ചെത്തുന്നതിന്റെ ഞെട്ടലിലും’ ആശ്വാസത്തിലുമാണ് ആ ഗ്രാമനിവാസികള്‍ ഇപ്പോള്‍.

ചെറിയ മാനസിക പ്രശ്‌നങ്ങള്‍ കാരണം എങ്ങോട്ടെന്നില്ലാതെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിപ്പോയ ആയിഷ വിവിധയിടങ്ങളിലെ അലച്ചിലിനൊടുവില്‍ വടകരയിലെത്തുകയായിരുന്നു. 70കാരിയായ ഇവരെ വടകര പൊലീസ് 2019 ഒക്‌ടോബറില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

വീടും നാടും ഓര്‍മയില്ലാത്ത ഇവരോട് സന്നദ്ധ പ്രവര്‍ത്തകനായ ശിവന്‍ കോട്ടൂളി സംസാരിച്ചതോടെയാണ് ആ ജീവിതത്തിന്റെ ചുരുളഴിഞ്ഞത്. യു.പിയിലെ ബരാബങ്കി ജില്ലക്കാരിയാണെന്ന് ശിവന്‍ കോട്ടൂളി മനസ്സിലാക്കി. അവിടത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിങ്ങുമായി ബന്ധപ്പെട്ടു. മെക്കാനിക്കായ ഏക മകന്‍ അബ്ദുല്ലയെ കണ്ടെത്തി.

അബ്ദുല്ലയാണ് ഉമ്മയെന്ന് കരുതി അജ്ഞാത മൃതദേഹം ഖബറടക്കിയതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭര്‍ത്താവ് അഡ്വ. ഗയാസ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് വേറെയാണ് താമസം. കഴിഞ്ഞ ദിവസം അബ്ദുല്ല കോഴിക്കോട്ടെത്തി ഉമ്മയെ കണ്ടു. വിട്ടുപോയെന്ന് കരുതിയ ഉമ്മയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് നന്ദിപറഞ്ഞാണ് അബ്ദുല്ല ആയിഷയുമായി മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

അലഞ്ഞുതിരിഞ്ഞ് നടക്കവെ ഒന്നരവര്‍ഷം മുമ്പ് കാടാമ്പുഴ പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മധ്യപ്രദേശ് സ്വദേശി അമീനും (35) നാട്ടിലേക്ക് മടങ്ങി. ശിവന്‍ കോട്ടൂളിതന്നെയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെയും കണ്ടെത്തിയത്. നമ്പര്‍ 10, നളന്ദ സ്‌കൂള്‍, ഭോപാല്‍ എന്നദ്ദേഹം പറഞ്ഞതോടെ ശിവന്‍ ഭോപാല്‍ അബിബ്ഗഞ്ചിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രജാപതിയെ ബന്ധപ്പെടുകയായിരുന്നു.

കോണ്‍സ്റ്റബ്ള്‍മാരായ ദേവേന്ദ്ര സിങ്, നരേന്ദ്ര ലജ്പാല്‍ എന്നിവരുടെ സഹായത്തോടെയാണ് അമീനിന്റെ കുടുംബത്തെ കണ്ടെത്തിയത്. പത്ത് വര്‍ഷം മുമ്പ് നാട്ടില്‍നിന്ന് പോന്ന ഇദ്ദേഹത്തിന്റെ കുടുംബവും കേരളത്തിന് നന്ദി പറഞ്ഞാണ് അമീനിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.