മരണത്തിലും പരസ്പരം ചേര്‍ത്തുപിടിച്ച് അവര്‍ അഞ്ചുപേര്‍; സൗദിയില്‍ അപകടത്തില്‍ മരിച്ച ബേപ്പൂര്‍ സ്വദേശികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്
ദമാം: കുറച്ചുദിവസങ്ങളായി ഒരുമിച്ചുള്ള ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിറും ഷബ്‌നയും. അതിനുള്ള എല്ലാതരത്തിലുള്ള പ്ലാനിങ്ങും നടത്തുന്നതിനിടെ ഇനിയൊരിക്കലുമൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
സൗദിയിലെ ജുബൈലായിരുന്നു പതിനേഴ് കൊല്ലമായി ജാബിര്‍ ജോലി ചെയ്യുന്നത്. അടുത്തിടെ ജിസാനിലേക്ക് മാറ്റം കിട്ടി. കുടുംബസമേതം അവിടെ താമസമുറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു കുറച്ചുകാലമായി ഇവര്‍. ഒടുക്കം എല്ലാ തയ്യാറെടുപ്പുകള്‍ക്കും ശേഷം ജിസാനിലേക്ക് പോകുംവഴിയാണ് വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്കും ജീവന്‍ നഷ്ടമായത്. പുതിയ ജോലിസ്ഥലത്തേക്ക് പോയ കൂട്ടുകാരെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് സൗദിയിലെ ജാബിറിന്റെ സുഹൃത്തുക്കള്‍.
റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള റിയാന്‍ ജനറല്‍ ആശുപത്രിയില്‍ മലയാളി നഴ്‌സുമാര്‍ നഴ്‌സിങ് അസോസിയേഷന്റെ ഗ്രൂപ്പില്‍ പങ്കുവെച്ച വിവരത്തെ തുടര്‍ന്നാണ് ഇവര്‍ അപകടത്തില്‍പ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. സൗദി കുടുംബം സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുഹമ്മദ് ജാബിര്‍ (44), ഭാര്യ ശബ്‌ന (36) മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തിന് ഒരാഴ്ച മുമ്പുതന്നെ ജാബിര്‍ ജിസാനിലെത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. ജിസാനില്‍ വെച്ച് പരിചയപ്പെട്ട ഒരാളുടെ സഹായത്തോടെ അബൂഹാരിസില്‍ താമസസ്ഥലം ഒരുക്കിയതിനുശേഷം കുടുംബത്തെ കൂട്ടിവരാനായി തിരികെയെത്തിയതായിരുന്നു. ഒരുമാസം മുമ്പാണ് കുടുംബം നാട്ടില്‍ നിന്നും തിരികെയെത്തിയത്.
സൗദിയിലെ പ്രശസ്തമായ അബ്ദുല്‍ ലത്തീഫ് അല്‍ ജമീല്‍ കമ്പനിയിലാണ് ജാബിര്‍ ജോലി ചെയ്യുന്നത്. ജിസാന്‍, അസീര്‍, നജ്‌റാന്‍ മേഖലകളിലെ ഫീല്‍ഡ് ഓഫീസറായി ചുമതലയിലിരിക്കെയാണ് മരണപ്പെടുന്നത്.