മരണക്കയമായി പതങ്കയം: ഒഴുക്കില്‍പ്പെട്ടുള്ള മരണങ്ങള്‍ പതിവ്; അപകടത്തില്‍പ്പെടുന്നത് ഏറെയും യുവാക്കള്‍


കോടഞ്ചേരി: കോഴിക്കോട്ടെ മലയോര മേഖലയിലെ സ്ഥിരം അപകടമേഖലയായി മാറുകയാണ് പതങ്കയം. ഇതിനകം നിരവധി പേര്‍ക്കാണ് ഇവിടെ ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം ഒഴുക്കില്‍പ്പെട്ട തലശേരി സ്വദേശി നയീം ജാബിറാണ് ഏറ്റവുമൊടുവിലായി അപകടത്തില്‍പ്പെട്ടത്.

അപകട സാധ്യത സംബന്ധിച്ച് പ്രദേശവാസികള്‍ മുന്നറിയിപ്പു നല്‍കിയാലും ഇത് വകവെയ്ക്കാതെ വെള്ളത്തില്‍ ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വഴുവഴുപ്പുള്ള പാറകളും ശക്തമായ ഒഴുക്കും പതങ്കയത്ത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദേശത്തുണ്ടെങ്കിലും ഇതൊന്നും സഞ്ചാരികളെ ജാഗരൂകരാക്കാറില്ല.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. ആഴമേറിയ ഭാഗത്തും ചുഴികളിലും പെട്ടാണ് മിക്കവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.

നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ ദിവസവും എത്തുന്നത്. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. പതങ്കയത്തിന്റെ നിയന്ത്രണം ഡി.ടി.പി.സി ഏറ്റെടുക്കണമെന്നാണ് തിരുവമ്പാടി പഞ്ചായത്തും നാട്ടുകാരും ആവശ്യപ്പെടുന്നത്. സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പെടുത്തിയാല്‍ പഞ്ചായത്തിന് അതിന്റെ ചെലവ് താങ്ങാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

പൊലീസില്‍ നിന്നുള്ള വിവരമനുസരിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരുപതിലേറെ പേര്‍ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊടുവെള്ളി സ്വദേശിയായ മുഹമ്മദ് സ്വാലിഹ് എന്ന വിദ്യാര്‍ഥി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചിരുന്നു. യുവാക്കളും നഗരപ്രദേശങ്ങളില്‍ നിന്നുവരുന്നവരുമാണ് ഏറ്റവുമധികം അപകടത്തില്‍പ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ ഇടപെട്ട് ഒഴുക്കില്‍ നിന്നും രക്ഷിച്ചവരും ഏറെയാണ്.