മരണക്കയമായി നാലുപേരുടെ ജീവനെടുത്ത ആനവാതില്‍ കൊമ്മാട്ട് പാറക്കുളം; പ്രദേശവാസികളുടെ ഭീതി ഇരട്ടിപ്പിച്ച് കുഞ്ഞുനസീഫിന്റെ മരണം
ഉള്ളിയേരി: ഏഴുവയസ്സുകാരന്‍ നസീഫ് അന്‍വര്‍ ഉള്‍പ്പെടെയുള്ള നാലുപേരുടെ ജീവനെടുത്ത ആനവാതില്‍ കൊമ്മാട്ട് പാറക്കുളം പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മാണാവശ്യത്തിന് പാറപൊട്ടിച്ചുതാഴ്ത്തിയതോടെയാണ് കുളം രൂപപ്പെട്ടത്. വീതികുറഞ്ഞ ഈ റോഡിനിരുവശവും സുരക്ഷാവേലിയില്ല.
കുളത്തിന്റെ നടുവില്‍ പാറപൊട്ടിക്കാത്ത ഭാഗത്തുകൂടി മനാട് അമ്പലം റോഡ് പോകുന്നുണ്ട്. തെരുവുവിളക്കുകളുമില്ല. ഇവിടെനിന്ന് ആളുകള്‍ അബദ്ധത്തില്‍ കുളത്തിലേക്ക് വീണിട്ടുണ്ട്. 30-ഓളം വീട്ടുകാര്‍ ഇതിലെ വഴി നടക്കുന്നുണ്ട്. ഓരോ അപകടമുണ്ടാവുമ്പോഴും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരും. എന്നാല്‍ കഴിഞ്ഞദിവസം നാലാമത്തെ മരണം സംഭവിക്കുമ്പോഴും കുളം പഴയതുപോലെ തന്നെയായിരുന്നു.
കുളത്തിനുസമീപം താമസിക്കുന്ന നസീഫിന്റെ ദാരുണമരണത്തോടെ പ്രദേശവാസികള്‍ക്കിടയില്‍ ഭീതി ഇരട്ടിച്ചിട്ടുണ്ട്. കുട്ടികളെയും മറ്റും ഇതുവഴി പറഞ്ഞുവിടാന്‍ മുതിര്‍ന്നവര്‍ക്ക് ഭയമാണ്. എരവത്തുകണ്ടി ഫൈസലിന്റെയും നസീറയുടെയും മകനായ കളികഴിഞ്ഞ് കാല്‍കഴുകാന്‍വേണ്ടി കുളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് കുളത്തിലേക്ക് വഴുതിവീണത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ആനവാതില്‍ വടക്കയില്‍ മൂസക്കുട്ടി ഇതേ കുളത്തില്‍ മുങ്ങിമരിച്ചിരുന്നു. അഞ്ചുവര്‍ഷംമുമ്പാണ് പത്രവിതരണക്കാരനായ ആനവാതില്‍ കണ്ടോത്ത് കൃഷ്ണന്‍കുട്ടി പത്രവിതരണത്തിനിടെ കുളത്തില്‍വീണ് മരിച്ചത്. നാലുവര്‍ഷംമുമ്പ് മുണ്ടോത്ത് പിലാത്തോടന്‍കണ്ടി പ്രസന്ന ഇവിടെ മുങ്ങിമരിച്ചു. വസ്ത്രം അലക്കുന്നതിനിടെയാണ് ഇവര്‍ കുളത്തില്‍വീണത്.
സംസ്ഥാനപാതയോരത്ത് ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലത്താണ് പാറക്കുളമുള്ളത്. കടുത്ത വേനലില്‍പ്പോലും നാലാള്‍ ആഴത്തില്‍ വെള്ളമുണ്ടാകും. ഒരു കുരുന്നുജീവന്‍കൂടി പൊലിഞ്ഞതോടെ കുളത്തിന് മതിയായ സുരക്ഷയൊരുക്കണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് കര്‍മസമിതിയുണ്ടാക്കാനുള്ള ഒരുക്കത്തിലാണിവര്‍.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.