‘മരക്കാറില്‍ എത്തിയത് സിയ ഉള്‍ഹക്കിലൂടെ, പാട്ട് പോലെ അഭിനയവും ഏറെയിഷ്ടം, സംഗീതത്തില്‍ വേര്‍തിരിവുകള്‍ക്ക് സ്ഥാനമില്ല’; കൊല്ലം ഷാഫി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു: അഭിമുഖം
ജിന്‍സി ബാലകൃഷ്ണന്‍
നമ്മുടെ നാടിന്റെ അഭിമാനമാണ് കൊല്ലം ഷാഫി. പ്രത്യേകിച്ച് ഒരാമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ ഷാഫിയെ നമുക്കെല്ലാം അടുത്തറിയാം.
ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സൂഫി ഗാനത്തിന് വരികളെഴുതിയത് ഷാഫിയാണ്.
കൊല്ലം ഷാഫി നമ്മളോട് മനസ് തുറക്കുന്നു….
- ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ പോലെ ഒരു വലിയ പ്രോജക്ടിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മരയ്ക്കാറിലേക്ക് അവസരം ലഭിച്ചത് എങ്ങനെയാണ്? സൂഫി സംഗീതത്തോടുള്ള താല്‍പര്യം എങ്ങനെയുണ്ടായതാണ്?
ഞാന്‍ സൂഫി ഗാനങ്ങളുടെ പിന്നാലെ കൂടിയിട്ട് കുറേ വര്‍ഷങ്ങളായി. ഇപ്പോഴും അതിനെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ഥിയാണ്. പുസ്തകങ്ങളിലൂടെ പഠിക്കാന്‍ പറ്റുന്ന കാര്യമല്ല എന്ന് മനസിലാക്കിക്കൊണ്ടുതന്നെയാണ് ആ ഒരു വഴിയിലേക്ക് ഇറങ്ങിയത്.
കുറേ ഗുരുനാഥന്മാരുണ്ട്. അവരോടൊക്കെ സംസാരിക്കുകയും ഒക്കെ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നമുക്കറിയാവുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ യോജിപ്പിച്ചുകൊണ്ട് ഞാന്‍ കുറച്ച് സൂഫിഗാനങ്ങള്‍ കുറേ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതാണ്. അതിന് ഏറ്റവും യോജിച്ച ശബ്ദം കേരളത്തില്‍ സിയാഉല്‍ ഹഖിന്റേതാണ്, ഞാന്‍ പഠിച്ചിട്ടുള്ളതില്‍ എനിക്ക് ബോധ്യപ്പെട്ടത്.
സിയാ എന്റെ കുറേ ഗാനങ്ങള്‍ പാടിയിട്ടുള്ളതുകൊണ്ട് സൂഫിയും സുജാതയും എന്ന പടത്തില്‍ ഗാനരംഗത്തും പശ്ചാത്തല സംഗീതത്തിലുമെല്ലാം എം. ജയചന്ദ്രന്‍ സാറിന്റെ സംഗീതത്തില്‍, സൂഫി വരികള്‍ ആവശ്യമുണ്ടായിരുന്നു. അദ്ദേഹം പാടാനായി സിയയെ ട്യൂണ്‍ കേള്‍പ്പിക്കാന്‍ വിളിച്ച സമയത്ത് ലിറിക്‌സ് എഴുതുന്ന ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ സിയ ആണ് എന്നെ പരിചയപ്പെടുത്തുന്നത്.
സിയാ ഉല്‍ ഹഖിന്റെ കെയര്‍ഓഫിലാണ് സൂഫിയും സുജാതയിലേക്കും അങ്ങനെയൊരു അവസരം കിട്ടുന്നത്. അതുമായി ബന്ധപ്പെട്ട് തന്നെയാണ് റോണി റാഫേല്‍ സാറിന്റെ മരക്കാറില്‍ ഇങ്ങനെയൊരു സാധ്യത വന്നപ്പോള്‍ സിയ എന്നെക്കുറിച്ച് പറയുന്നത്. ഞാന്‍ ചെയ്തിട്ടുള്ള ചില ഗാനങ്ങള്‍ അദ്ദേഹം കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് റോണി റാഫേല്‍ എനിക്ക് ട്യൂണ്‍ അയച്ചുതന്നതും ഞാന്‍ വരികള്‍ അയച്ചുകൊടുക്കുന്നതും.
ഞാന്‍ ആത്മാര്‍ത്ഥമായിട്ട് ഇഷ്ടപ്പെടുന്ന വഴിയാണ് സൂഫി. കാരണം അതിനകത്തെ ബഹുസ്വരത, മനുഷ്യത്വം ഒക്കെയാണ്. മതില്‍ക്കെട്ടുകളില്ല. അവന്‍, ഇവന്‍ അല്ലെങ്കില്‍ വേറെ ജാതി വേറെ മതം അതിനൊന്നും പ്രാധാന്യമില്ലാത്ത ദൈവത്തിന്റെ എല്ലാ സൃഷ്ടികളെയും ഒരുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന പാതയാണത്. അതുകൊണ്ടാണ് അതിനു പിന്നാലെ കുറേ വര്‍ഷമായിട്ടുള്ളത്.
- ഗാനരചയിതാവ്, കമ്പോസര്‍, പാട്ടുകാരന്‍ ഈ രീതിയിലെല്ലാം ഷാഫി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏത് രീതിയില്‍ അറിയപ്പെടാനാണ് കൂടുതല്‍ ആഗ്രഹം?
എഴുത്തിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്. പാട്ടും കമ്പോസിങ്ങുമെല്ലാം ഇഷ്ടമാണ്. എന്റെ പാട്ടുകള്‍ ഞാന്‍ പാടുന്നതിനേക്കാള്‍ കൂടുതലായി കഴിവുള്ള മറ്റ് കലാകാരന്മാരെക്കൊണ്ട് പാടിക്കുകയും അവരെ ഈ മേഖലയിലേക്ക് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്റെ വര്‍ക്കുകള്‍ എടുത്തുനോക്കിയാല്‍ അറിയാം.
അതുപോലെ അഭിനയവും പാഷനാണ്. രണ്ടുപടങ്ങളില്‍ അഭിനയിച്ചു. ഒരു പടത്തില്‍ കൂടി അവസരം ലഭിച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് നല്ല പാട്ടുകള്‍ എഴുതാനും കമ്പോസ് ചെയ്യാനും അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ ചെയ്യുകയെന്നുമാണ് ആഗ്രഹം. ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. നല്ല അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ട്. സ്റ്റാര്‍മാജിക് പോലുള്ള പരിപാടികളിലെ സ്‌കിറ്റുകളില്‍ അവസരം ലഭിക്കാന്‍ കാരണം അഭിനയ സാധ്യതകൂടിയുണ്ട് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ്. ഞാന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അഭിനയ രംഗത്ത് സജീവമാകാനാണ് താല്‍പര്യം.
- 2004 ല്‍ ആണെന്ന് തോന്നുന്നു സംഗീതംഗത്ത് ഷാഫി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അതിനു മുമ്പ് ഒരു കൂലിപ്പണിക്കാരനായ യുവാവ്. ആ അഡ്രസില്‍ നിന്നും പാട്ടുകാരന്‍, ഗാനരചയിതാവ് എന്നതരത്തില്‍ ഷാഫി സ്വയം കണ്ടെത്തിയത് എങ്ങനെയായിരുന്നു?
1994ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്, അതായത് നമ്മുടെ ശബ്ദം മാറുന്ന സമയം, അന്ന് നാട്ടില്‍ മിമിക്രി അവതരിപ്പിക്കാന്‍ നൗഷാദ് ഇബ്രാഹിം, രമേശ് കാപ്പാട് എന്നിവര്‍ വന്നിരുന്നു. ഇവരോട് ഞാനും കൂടട്ടേ എന്ന് ചോദിച്ചു. അങ്ങനെ പൂക്കാട് കലാലയത്തിന്റെ ഒരു പരിപാടിക്ക് പങ്കെടുത്തിരുന്നു. അങ്ങനെ മിമിക്രിയുമായി കുറച്ചു വേദികളില്‍ പോയി.
അതിനുമുമ്പും ചെറുപ്പത്തില്‍ കല്ല്യാണ വീടുകളില്‍ മുട്ടിപ്പാടാനൊക്കെ ശ്രമിക്കാറുണ്ടായിരുന്നു. പാട്ടിനോടുള്ള കമ്പം അന്നേയുണ്ട്. കൂടുതലും മുഹമ്മദ് റഫി സാറിന്റെ പാട്ടുകള്‍ ആണ്. അത് ഞാന്‍ കേട്ടു തുടങ്ങുന്നത് ഇക്കാക്ക മുസ്തഫ ആന്ധ്രയിലൊക്കെ പണിക്കു പോയിവരുമ്പോള്‍ കൊണ്ടുവരുന്ന മുഹമ്മദ് റഫിയുടെയും അത്ത ഉള്ള ഖാന്റെയും പാട്ടുകളാണ്.
വീട്ടിലിങ്ങനെ പാട്ടുകള്‍ കേട്ടുകൊണ്ടാണ് ഇരിക്കുക. സ്‌കൂള്‍ വിട്ടുകഴിഞ്ഞ് വന്നാല്‍ രാത്രി പതിനൊന്ന് മണിവരെ കൊല്ലത്തങ്ങാടിയില്‍ ഉപ്പ ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ജോലി. ഉപ്പ മുഹമ്മദ് റഫിയുടെ വലിയ ആരാധകനാണ്. ആ പാട്ടുകളൊക്കെ അവിടെ പ്ലേ ചെയ്യും. ഞാനതൊക്കെ മനപാഠമാക്കും. കല്ല്യാണ വീടുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍, ഒപ്പം പാടും.
അന്ന് മിമിക്രി വേദികളില്‍ കൂടുതല്‍ പോയിക്കൊണ്ടിരുന്ന സമയമാണ്. പിന്നീട് ഞാനും തബലിസ്റ്റായ സുനില്‍കുമാര്‍, ബിജു, പ്രകാശേട്ടന്‍, കൊയിലാണ്ടിയിലെ ജ്യോതിഷ് കുമാര്‍ എന്നിവരെല്ലാം ചേര്‍ന്ന് കൊല്ലത്ത് കോമഡി കൊല്ലം എന്ന പേരില്‍ ഒരു ട്രൂപ്പുണ്ടാക്കിയിരുന്നു. ഉത്സവപ്പറമ്പുകളിലൊക്കെ അവസരം മതി ചോറ് തന്നാല്‍ മതിയെന്നൊക്കെ പറഞ്ഞ് പരിപാടി നടത്തും.
കൊയിലാണ്ടി പതിനേഴിലുള്ള അനിയേട്ടന്റെ ഇന്ദീവരം എന്ന വീട്ടില്‍ ഒരുപാട് കലാകാരന്മാര്‍ കൂടാറുള്ള ഇടമാണ്. അവിടെ ഞാന്‍, മുചുകുന്നിലെ അനീഷ് ബാബു, നേരത്തെ പറഞ്ഞ സുനിയെല്ലാം ഇരുന്ന് പ്രാക്ടീസ് ചെയ്യും. നേരം വെളുക്കുവോളം ഇരുന്ന് ഇന്ദീവരത്തില്‍ നിന്നും ഒരുപാട് പാട്ടുകള്‍ പാടി.
പ്രണയമുണ്ടായിരുന്നത് കൊണ്ട് ഞാന്‍ കുറച്ച് വരികള്‍ അന്ന് ഡയറിയില്‍ കുറിച്ചിടുമായിരുന്നു. അതിനൊക്കെ സ്വന്തമായി ഈണം കണ്ടെത്തി പാടും. ഇന്ന് കേള്‍ക്കുന്ന പല ആല്‍ബം ഗാനങ്ങളും ഞാന്‍ ആല്‍ബം രംഗത്തേക്ക് വരുന്നതിന് മുമ്പ് ആദ്യമായി കേട്ടത് ഇന്ദീവരത്തില്‍ ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്.
പിഷാരികാവിലെ ഉത്സവമാണെങ്കില്‍ പറയേണ്ട, ഒരാഴ്ച എല്ലാവരും ഇന്ദീവരത്തില്‍ തന്നെയാണ്. ഉത്സവം കഴിഞ്ഞേ പിരിയുകയുള്ളൂ. അതുകഴിഞ്ഞ് പിന്നീടുള്ള മണ്ഡലകാലം വരുമ്പോള്‍ ഞങ്ങള്‍ ശിവക്ഷേത്രങ്ങളിലും അയ്യപ്പമഠങ്ങളിലുമൊക്കെ പോയി ഭജന പാടിയിട്ടുണ്ട്. അതൊക്കെ പാട്ടിന്റെ വഴികളില്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുള്ളതാണ്.
അതൊക്കെ കഴിഞ്ഞ്, അനുഭവങ്ങളൊക്കെ ഗാനമാക്കി എഴുതിവെയ്ക്കാന്‍ തുടങ്ങി പിന്നീടാണ് ഞാന്‍ മിമിക്രിവേദികള്‍ സീരിയസ് ആയിട്ടെടുക്കുന്നത്. പിന്നീട് 98ല്‍ ഗള്‍ഫിലേക്ക് പോകുകയും 2001വരെ പ്രവാസജീവിതം നയിക്കുകയും ചെയ്തു. ആ സമയത്ത് നാട്ടില്‍ നിന്ന് കിട്ടിയ പാഠങ്ങളൊക്കെ ഉപകാരപ്പെട്ടു. പ്രവാസ ജീവിതത്തിനിടയിലും ഇതുപോലുള്ള പരിപാടികളില്‍ പങ്കെടുത്തിരുന്നു.
പിന്നീട് നാട്ടില്‍ തിരിച്ചെത്തി, ഓട്ടോറിക്ഷയില്‍ പോകുന്ന കാലത്ത് പാട്ടിനോടുള്ള ഭ്രമം ഇരട്ടിച്ചു. കൊയിലാണ്ടിയില്‍ സലാമക്കയുടെ മാക്‌സ് ഓര്‍ക്കസ്ട്രയിലാണ് ഓര്‍ക്കസ്ട്രയില്‍ ഞാന്‍ ആദ്യമായിട്ട് അംഗമായി മാറുന്നത്. പിന്നീട് സീന രമേഷിന്റെ സീനാസ് ഒാര്‍ക്കസ്ട്രയില്‍ അവതാരകനായി പോയി. തലശേരി ചോയ്‌സില്‍ ജോയിന്‍ ചെയ്തു. പിന്നീട് ആര് വിളിച്ചാലും ഹിന്ദി ഗാനം പാടുന്നയാളായി, റഫി സാറിന്റെ പാട്ടു പാടുന്നയാളായി പോകുമായിരുന്നു. ഇടയ്ക്ക് മാപ്പിളപ്പാട്ടുകളും പാടി.
അങ്ങനെയാണ് 2003ല്‍ വിവാഹശേഷം ഞാന്‍ കിനാവ് എന്ന ആല്‍ബം ഉണ്ടാക്കുന്നതും ആല്‍ബം രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്നതും. 2004ല്‍ കിനാവിന്റെ വര്‍ക്ക് വിചാരിച്ചത്ര ഫലം കണ്ടില്ല. അതുകഴിഞ്ഞ് വീണ്ടും ഹോട്ടലുപണിയും പന്തല്‍ പണിയുമായി പോകുന്നതിനിടയില്‍ 2005ലാണ് ഖല്‍ബാണ് ഫാത്തിമ ഇറങ്ങുന്നത്.
അതൊരു ട്രെന്റായി. ചെങ്ങോട്ട് കാവിലെ ഹരിയേട്ടന്റെ കടയില്‍ എന്റെ ഉമ്മയുടെ സഹോദരന്റെ മകന്‍ അര്‍ഷദ് ജോലി ചെയ്തിരുന്നു. അവനെ വീട്ടിലെ നോമ്പുതുറയ്ക്ക് ക്ഷണിയ്ക്കാനായി പോയപ്പോള്‍ ഹരിയേട്ടനെയും വീട്ടിലേക്ക് ക്ഷണിച്ചു. അപ്പോള്‍ ഹരിയേട്ടന്‍ പറഞ്ഞു, താജുദ്ദീനെവെച്ച് ഖല്‍ബാണ് ഫാത്തിമ പോലെ ഒരു വര്‍ക്ക് ചെയ്യാനുദ്ദേശിക്കുന്നുണ്ട്, താജുക്കാനെ നിനക്ക് പരിചയമുണ്ടല്ലോ, നമുക്കൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു. ഉടനെ ഞാന്‍ താജുദ്ദീനെ വിളിച്ചു.
അദ്ദേഹം പിറ്റേദിവസം കൊല്ലത്ത് വരുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെ വീട്ടിലേക്ക് വന്നു. അപ്പോള്‍ അര്‍ഷദ് ഹരിയേട്ടനോട് പറഞ്ഞു, ഇവന്‍ കുറേ പാട്ടൊക്കെ എഴുതിവെച്ചിട്ടുണ്ട് ഹരിയേട്ടന്‍ ഒന്ന് കേട്ടുനോക്കൂവെന്ന്. ഹരിയേട്ടന്‍ പറഞ്ഞു, താജുദ്ദീന്‍ വരട്ടെയെന്ന്. അദ്ദേഹം വന്നു. താജുക്ക പറഞ്ഞു, നല്ല എഴുത്താണ്, കിനാവ് ഇറങ്ങി അവനെ ആളുകളൊക്കെ അറിഞ്ഞു തുടങ്ങിയതാണ്. ഈ പാട്ടുതന്നെ നമുക്ക് മതിയെന്ന്. രണ്ട് പാട്ട് കിനാവിന്റെ കൂടെ ഭാഗമായിരുന്ന എന്റെ സുഹൃത്ത് ആഷിര്‍ വടകരയെക്കൊണ്ട് കൂടി എഴുതിച്ചു.
അങ്ങനെ പത്ത് പാട്ടുകളുള്ള എന്നുമെന്‍ ഖല്‍ബില്‍ ഇറക്കുന്നത്. അത് അത്യാവശ്യം നല്ലരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതില്‍ രണ്ട് പാട്ട് അഫ്‌സല്‍ പാടേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്തതുകൊണ്ട് ആ പാട്ട് പാടാന്‍ എനിക്ക് അവസരം തന്നു. അന്ന് ലേബലില്‍ മുന്നിലുണ്ടായിരുന്നത് ഷെരീഫ്ക്കായുടെയും താജുക്കായുടെയും പേരുകളായിരുന്നു. അവരായിരുന്നല്ലോ അന്നത്തെ സ്റ്റാറുകള്‍. ഇന്നും അവര്‍ തന്നെയാണ് താരങ്ങള്‍.
എന്റെ ഫോട്ടോ ചെറുതായി ബാക്കിലാണുണ്ടായിരുന്നത്. ‘സുന്ദരി നീവന്നു’ എന്നത് ഏഴാമതുണ്ടായിരുന്ന പാട്ടാണ്. അത് പിന്നീട് ആളുകള്‍ സ്വീകരിക്കുകയും ജനപ്രിയമാകുകയും ചെയ്തപ്പോള്‍ പോസ്റ്ററുകളിലും ലേബലുകളിലും എന്റെ ഫോട്ടോ കൂടി മുന്നില്‍ വയ്ക്കാനുള്ള കാരുണ്യം നിര്‍മ്മാതാക്കള്‍ കാണിച്ചു. അതിന്റെ വീഡിയോ മില്ലേനിയത്തിലൂടെ വന്നു. മില്ലേനിയത്തിലെ സജീവേട്ടനുമായി കിനാവിന്റെ കാലം തൊട്ട് പരിചയമുണ്ട്.
അവിടെനിന്നാണ് ജലാലിനെയും നിസാര്‍ക്കാനെയുമൊക്കെ പരിചയപ്പെടുന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റിന്റെ തറക്കല്ലിടലിന് പ്രോഗ്രാം അവതരിപ്പിക്കാന്‍ വന്നു. ഞാനവിടെ ഖല്‍ബാണ് ഫാത്തിമയിലെ പാട്ട് രണ്ട് മൂന്ന് ഭാഷകളിലാക്കി ട്രാക്കില്‍ പാടുന്നത് അവര്‍ കേട്ടു. ജലാല്‍ എന്നോടു പറഞ്ഞു, കുറച്ചധികം പാട്ട് നമുക്ക് ഈ രീതിയില്‍ ചെയ്തൂടെ, നീ എഴുതുമോയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നല്ല പരീക്ഷണമാണ് നമുക്ക് നോക്കാമെന്ന്.
അപ്പോഴേക്കും എന്റെ അഞ്ചോളം വര്‍ക്ക് പുറത്തിറങ്ങിയിരുന്നു. ആറാമത്തെ വര്‍ക്കായിട്ടാണ് മില്ലേനിയം ഫാത്തിമ വരുന്നത്. അത് ഒരു വെസ്റ്റേണ്‍ കള്‍ച്ചറില്‍ കൊണ്ടുവരാന്‍ വേണ്ടി തേജേട്ടന്റെടുത്ത് പോയി. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അതിന്റെ വര്‍ക്കുകളൊക്കെ ചെയ്തത് എസ്. രമേശന്‍ നായരുടെ മകനും സിനിമാ പിന്നണി ഗാനരംഗത്ത് സജീവവുമായ മനു രമേശാണ്. ഇന്നും മനു എന്റെ ഒരുപാട് വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്.
ഞാനും മനുവും തേജേട്ടനും ഇരുന്ന് ഉണ്ടായിട്ടുള്ള വര്‍ക്കാണ് അത്. ജലാലൊക്കെ ചേര്‍ന്ന് അത് നന്നായി ചിത്രീകരിച്ചു. ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് താജുദ്ദീന്‍ പാടിയ ഒരു പാട്ടിനാണ്. അതിന് അവസരം നല്‍കിയത് റഫീക്ക് വടകരമാണ്. ജയചന്ദ്രന്‍ ശര്‍മ്മയായിരുന്നു സംവിധാനം ചെയ്തത്. അവിടന്നങ്ങോട്ട് ഒരുപാട് വര്‍ക്കുകള്‍ ഉണ്ടാവുകയും ഒന്നിനു പിറകേ ഒന്നായി അവര്‍ നമ്മുടെ പാട്ടുകള്‍ ഹിറ്റ് എന്ന ലെവലിലേക്ക് എത്തിച്ചുതരികയും ചെയ്തു. ആ ഒരു ലേബലിന്റെ പുറത്താണ് ഇന്ന് എവിടെയൊക്കെ പോകുമ്പോഴും അവിടുത്തേക്കൊക്കെയുള്ള സഞ്ചാരമുണ്ടായത്.
- മാപ്പിളപ്പാട്ടുകളുടെ സ്വാധീനം ഷാഫിയുടെ പാട്ടുകളില്‍ വലിയ തോതില്‍ കാണാനാവും. കൊയിലാണ്ടി, വടകര പ്രദേശത്തെ സംഗീതജ്ഞരുടെ സ്വാധീനം ഷാഫിയില്‍ എത്രത്തോളമുണ്ടായിട്ടുണ്ട്. സംഗീതരംഗത്ത് ഗുരു ആരാണെന്ന് ചോദിച്ചാല്‍ എന്താണ് പറയാനുള്ളത്?
എല്ലാകാലത്തും മാപ്പിളപ്പാട്ടിന്റെ നല്ല ആസ്വാദകനാണ് ഞാന്‍. മാപ്പിളപ്പാട്ടുകള്‍ക്ക് അഞ്ഞുറ് കൊല്ലത്തിനടുത്തുള്ള ചരിത്രമുണ്ട്. ആ നിലയ്ക്ക് നോക്കുമ്പോള്‍ അതിന്റെ മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും അത്ര വലിയ ജ്ഞാനമുള്ള ആളൊന്നുമല്ല ഞാന്‍. കല കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി മാറ്റംവരുന്ന സംഗതിയായതുകൊണ്ട് എന്റെ കാലത്തെ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയ മാപ്പിളപ്പാട്ടുകളില്‍ വിവിധ മേഖലകളിലെ വിഷയങ്ങളും പ്രതിപാദിച്ചു പോരുന്നുണ്ടായിരുന്നു.
അതിന്റെ ഒരു ആവര്‍ത്തനം പോലെ ചെയ്‌തെങ്കിലും ഞങ്ങള്‍ അതിനെ അനുകരിക്കാന്‍ നിന്നിട്ടില്ല. എല്ലാപാട്ടുകാരെയും എല്ലാപാട്ടിനെയും എല്ലാ എഴുത്തുകാരെയും ആസ്വദിക്കുന്നയാളാണ് ഞാന്‍. പക്ഷേ അതുപോലെ പകര്‍ത്തി തുടരുകയെന്നത് എന്റെ ചിന്തയില്‍പോലുമില്ല. പുതിയ കാലത്തിന്റെ കേള്‍വിക്കാരുടെ മോഹം എങ്ങനെയാണോ ഞാനുമൊരു കേള്‍വിക്കാരനായി നിന്നുകൊണ്ട് കാലത്തിന്റെ മാറ്റങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് നമ്മുടെ കാലത്തിന്റെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
അതില്‍ എല്ലാം മാപ്പിളപ്പാട്ടുകളല്ല, ആല്‍ബം ഗാനങ്ങള്‍ വേറെ തന്നെയുണ്ട്. മാപ്പിളപ്പാട്ടുകളില്‍ പരിഗണിക്കാന്‍ പറ്റുന്ന പാട്ടുകളുമുണ്ട്. മാപ്പിളപ്പാട്ട് എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഞാനാകെ പ്രണയം, ചരിത്രം, ഒപ്പന, പ്രവാസം അങ്ങനെ കുറച്ചു സംഗതികള്‍ മാത്രമേ ഞാന്‍ കൈവെച്ചിട്ടുള്ളൂ.
നമ്മുടെ നാടിന്റെ ചുറ്റുമുള്ള ഒരുപാട് നല്ല കലാകാരന്മാരുണ്ട്. പ്രഫഷന്‍ ഇതാക്കിയിട്ടില്ലയെന്നതുകൊണ്ട് മാത്രം പലതും പകുതിവെച്ച് പോയി. എന്നാലും മഹാന്മാരായ റസാഖ് ഹാജിപോലുള്ള ആളുകളെ കൊയിലാണ്ടിയുടെ ഏറ്റവും വലിയ മാപ്പിളപ്പാട്ടിന്റെ സൂഫി ഗാനങ്ങളുടെ കുലപതിയായി നിര്‍ത്തേണ്ടയാളാണ്.
കോല്‍ക്കളിക്കാരുടെ ഇടയില്‍ നിന്നൊക്കെ വളര്‍ന്ന ആളായതുകൊണ്ട് ഞാന്‍ ആ പാട്ടുകളൊക്കെ ഇന്നും ആസ്വദിക്കുന്നുണ്ട്. അതുപോലുള്ള ലിപിയില്ലാത്ത, വാമൊഴി മാത്രമുള്ള ഭാഷകളിലൊന്നും ഞാന്‍ പാട്ടുകള്‍ എഴുതിയിട്ടില്ല. അതിനെക്കുറിച്ചൊക്കെ പഠനം നടത്തിയാല്‍ എഴുതാവുന്നതാണ്. നമ്മുടെ കാലം ആവശ്യപ്പെടുന്ന പാട്ടുകളിലൂടെയാണ് ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഗുരുനാഥന്‍ ആരാണെന്ന് ചോദിച്ചാല്‍ ആരല്ലയെന്ന് ചോദിക്കേണ്ടിവരും. അറിയാന്‍ വേണ്ടിയുള്ള എന്റെ ആഗ്രഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ആരില്‍ നിന്നൊക്കെ മറുപടി കിട്ടിയിട്ടുണ്ടോ അതെല്ലാം ഗുരുനാഥന്മാരാണ്. ചോദിക്കാതെ തന്നെ ആരില്‍ നിന്നൊക്കെ കേട്ടുംകണ്ടും പഠിച്ചോ അതെല്ലാം നമുക്ക് ഗുരുനാഥന്മാരാണ്. മുഹമ്മദ് റഫി സാറിന്റെ പാട്ടുകളുടെ ശൈലികളെക്കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുപാടി ഫലിപ്പിക്കുന്നതിന് വേണ്ടതായ ഘടകങ്ങളെക്കുറിച്ചുമൊക്കെ ഞാന്‍ ചോദിച്ചറിയുന്നത് മുഖദാറിലുള്ള രാഗം റസാഖ് എന്നറിയപ്പെടുന്ന റസാഖ് ഭായിയുടെ ശിക്ഷണത്തില്‍ നിന്നാണ്. അവിടെ ഇപ്പോഴും ഞാന്‍ ഇടയ്ക്ക് പോകാറുണ്ട്.
മ്യൂസിക് പഠിക്കണമെന്ന് ആഗ്രഹമുള്ള സമയത്ത് 95ല്‍ ഒരുമാസം മാത്രം ഞാന്‍ അനില്‍ദാസ് മാഷുടെ അടുത്ത് പോയിരുന്നു. കോഴിക്കോട്ട് കാരനായ അദ്ദേഹം തിക്കോടിയാണ് ക്ലാസെടുത്തുകൊണ്ടിരുന്നത്, അവരെയൊക്കെ ഗുരുനാഥന്മാരായി കാണുന്നുണ്ട്. ആദ്യം പാടാന്‍ പ്രചോദനം തന്നെ, മദ്രസയിലെ പാട്ടുകളൊക്കെ പഠിപ്പിച്ച എന്റെ ഉമ്മ തന്നെയാണ് എന്റെ ആദ്യത്തെ ഗുരു.
- ഒരു കലാകാരന് സ്വയം അടയാളപ്പെടുത്താന്‍ ഇന്നുള്ള തരത്തില്‍ അത്ര വിശാലമായ സാധ്യതകള്‍ ഇല്ലാതിരുന്ന കാലത്ത് ആല്‍ബം സംഗീതത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ കൊണ്ടാണ് ഷാഫി തന്റേതായ ഒരു ഇടമുണ്ടാക്കിയെടുത്തത്. അവിടെ നിന്ന് ഇങ്ങോട്ട് നോക്കിയാല്‍ കാലം കുറച്ചുകൂടി വേഗത്തില്‍ നീങ്ങിയതുപോലെ തോന്നും. സംഗീതരംഗത്തെ സാധ്യതകളും പരീക്ഷണങ്ങളുമെല്ലാം ആ വേഗതയ്‌ക്കൊപ്പം മുന്നോട്ടുപോകാന്‍, ആ മാറ്റങ്ങളെ പഠിച്ചുകൊണ്ട് അതിനനുസൃതമായി സ്വയം നവീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നുണ്ടോ?
ഞാനിന്നോളം ചെയ്തിട്ടുള്ള പരീക്ഷണങ്ങളെല്ലാം ഓഡിയന്‍സ് തരുന്ന പിന്തുണയില്‍ വിജയിച്ചിട്ടുള്ളതായാണ് എനിക്കു തോന്നുന്നത്. അല്ലായിരുന്നെങ്കില്‍ ഇന്നും ഞാനിപ്പോള്‍ നില്‍ക്കുന്ന ദുബൈയില്‍ പരിപാടികള്‍ അവതരിപ്പിക്കാനായി ടിക്കറ്റും മറ്റും എടുത്ത് ആളുകള്‍ എന്നെ കൊണ്ടുവരുന്നുണ്ടെങ്കില്‍ ഞാന്‍ പാടിയ പാട്ടുകള്‍ ഇന്നും അവരുടെ മനസില്‍ ഉള്ളതുകൊണ്ടല്ലേ. ചെയ്തതൊക്കെ വിജയകരമാണെന്ന് ജനങ്ങളുടെ പിന്തുണകൊണ്ട് ബോധ്യപ്പെടുന്നുണ്ട്.
ആസ്വാദകരുടെ അഭിപ്രായം മാനിക്കാനും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്താനും തയ്യാറാണ്. ഇപ്പോഴും പരീക്ഷണങ്ങളില്‍ തന്നെയാണ്. പുതിയ തലത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ പാട്ടിലൂടെ കൊടുക്കാന്‍ പറ്റും എന്ന അന്വേഷണത്തിലാണ്. ഏതെങ്കിലുമൊരു പ്രത്യേക കാറ്റഗറിയില്‍ ഒതുങ്ങിപ്പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
സംഗീതത്തില്‍ മാപ്പിളപ്പാട്ടെന്നോ, ആല്‍ബം ഗാനമെന്നോ ഉള്ള വേര്‍തിരിവ് ഞാന്‍ കാണുന്നില്ല. ആസ്വാദകര്‍ സംഗീതത്തെ ജാതിമതഭേദമന്യേ ആസ്വദിക്കും. സംഗീതാസ്വാദകര്‍ക്ക് പുതുമ എന്ത് കൊടുക്കാന്‍ പറ്റും എന്നുള്ള പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം വിജയകരമാണെന്ന് ജനപിന്തുണകൊണ്ട് ബോധ്യമാകുന്നുണ്ട്. അതില്‍ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്.