മന്ത്രി ഇടപെട്ടു; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ കുഴിയടച്ചു
പേരാമ്പ്ര: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടതോടെ കടിയങ്ങാട് -പെരുവണ്ണാമൂഴി റോഡില്‍ പട്ടാണിപ്പാറയ്ക്ക് സമീപത്തെ കുഴിയടയ്ക്കാന്‍ നടപടിയായി. റോഡിലെ ടാറിങ് ഇളകി വെള്ളക്കെട്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. നാട്ടുകാര്‍ വാട്സാപ്പില്‍ മന്ത്രിക്ക് പരാതി അറിയിച്ചതോടെയാണ് വേഗംതന്നെ മന്ത്രിയുടെ ഇടപെടലുണ്ടായത്.
പരാതി അറിയിച്ച് ഒരുമണിക്കുറിനുള്ളില്‍ വടകരയില്‍നിന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പരാതിക്കാരെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ആരാഞ്ഞു. പിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയ കാര്യം മന്ത്രിതന്നെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് രണ്ടാം ദിവസം ക്വാറി വേസ്റ്റ് ഇറക്കി കുഴിയടച്ച് താത്കാലിക പരിഹാരം കണ്ടു.