മന്ത്രവാദ ‘ചികിത്സ’ കാരണം കണ്ണൂരില്‍ അഞ്ചുപേര്‍ മരിച്ചതായി വെളിപ്പെടുത്തല്‍; കഴിഞ്ഞദിവസം മരിച്ച ഫാത്തിമയുടെ കുടുംബത്തിലെ മൂന്നുമരണങ്ങളും പൊലീസ് അന്വേഷിക്കുന്നു


കണ്ണൂര്‍: മതിയാംവണ്ണം ചികിത്സിക്കാതെ രോഗം മാറാന്‍ മന്ത്രവാദം നടത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ അഞ്ചുപേര്‍ മരിച്ചതായി വെളിപ്പെടുത്തല്‍. മന്ത്രവാദ ചികിത്സയുടെ ആദ്യ ഇരയായ സഫിയയെന്ന എഴുപതുകാരിയുടെ കുടുംബാംഗം ഒരു ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിശ്വാസത്തിന്റെ പേരില്‍ പനിയ്ക്ക് ചികിത്സ വൈകിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ കഴിഞ്ഞിദിവസം പതിനൊന്നുകാരി ഫാത്തിമ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഫിയയുടെ ബന്ധുവിന്റെ വെളിപ്പെടുത്തല്‍.

കണ്ണൂര്‍ സിറ്റിയിലെ ആസാദ് റോഡില്‍ പടിക്കല്‍ സഫിയയ്ക്ക് പുറമേ സഫിയയുടെ മകന്‍ അഷ്‌റഫ്, സഹോദരി നഫീസു, കുറുവ സ്വദേശി ഇഞ്ചിക്കല്‍ അന്‍വര്‍ എന്നിവര്‍ മതിയായ ചികിത്സ കിട്ടാതെ മരണപ്പെട്ടവരാണ്. വ്രതമെടുക്കല്‍, മന്ത്രിച്ചവെള്ളം എന്നിങ്ങനെയാണ് മന്ത്രവാദമെന്നും ഖുറാനിലെ സൂക്തങ്ങള്‍ ചൊല്ലിയാല്‍ അസുഖം മാറുമെന്ന് ഇവര്‍ അവകാശപ്പെടുന്നതായും ഇയാള്‍ പറയുന്നു.

സിറ്റി കുഞ്ഞിപ്പള്ളി ഇമാമും മരിച്ച സഫിയയുടെ കൊച്ചുമകളുടെ ഭര്‍ത്താവുമായ ഉവൈസാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ഇയാള്‍ പറയുന്നു.

അതിനിടെ, ഫാത്തിമയുടെ അസ്വാഭാവിക മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ബാലാവകാശ കമ്മീഷനും കുട്ടിയുടെ മരണത്തില്‍ കേസെടുത്തിട്ടുണ്ട്. ഫാത്തിമക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നും മതപരമായ ചില ജലിച്ചൂതലുകള്‍ നടത്തിയെന്നുമുള്ള പരാതി കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തിട്ടുണ്ട്. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസകോശത്തിലെ അണുബാധയാണ് ഫാത്തിമയുടെ മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജപിച്ചൂതലുകള്‍ ഉള്‍പ്പെടെയുള്ള ആചാര ക്രിയകളില്‍ അഭയം പ്രാപിച്ച് ചികിത്സ വൈകിപ്പിച്ചതാണ് ഇത്തരം മരണങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് പൊലീസ് നിഗമനം.

ഇതേ കുടുംബത്തിലെ മറ്റ് മൂന്നുപേരുടെ മരണത്തിലും പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. 2014, 2016, 2018 വര്‍ഷങ്ങളിലാണ് ഇതേ കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ടത്.