മനസിന് കുളിര്‍മ്മയേകുന്ന അരിപ്പാറ വെള്ളച്ചാട്ടം; ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്ഭവ പ്രദേശത്തുള്ള വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍ അറിയാം


കോഴിക്കോടിന്‍ന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്ന മനോഹര വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം.പതിമൂന്നു വര്‍ഷം മുമ്പാണ് അരിപ്പാറ ടുറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. ഇരുവഴിഞ്ഞി പുഴയുടെ ഭാഗമായ അരിപ്പാറയിലേക്ക് സാഹസികത കൊതിച്ചും സഞ്ചാരികള്‍ എത്താറുണ്ട്.

മനസിന് കുളിര്‍മയേകുന്ന അന്തരീക്ഷമാണ് അരിപ്പാറ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അറബി കടലില്‍ ചാലിയാര്‍ പുഴ വഴി എത്തുന്ന ഇരുവഞ്ഞിപ്പുഴയുടെ ഉല്‍ഭവമാണ് അരിപ്പാറയുടെ മേലേയുള്ള വനാന്തരങ്ങളില്‍ നിന്ന് തുടങ്ങുന്നത്. ഒരുപാട് പ്രത്യേകത നിറഞ്ഞിട്ടുള്ള പാറകളാണ് അരിപ്പാറയെ സമ്പന്നമാക്കുന്നത്.

ഈ പാറകളിലുള്ള കുഴികളും അതിലൂടെ ഒഴുകി വരുന്ന ശുദ്ധ ജലവും സഞ്ചാരികളുടെ മനം കവരും. മിനുസമായ പാറകള്‍ക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങള്‍ ഒരുക്കിയാണ് പുഴ ഒഴുകുന്നത്. കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.

ഡി.ടി.പി.സി ആണ് അരിപ്പാറ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് 5 വരെയാണ് സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനമുള്ളൂ. വെള്ളച്ചാട്ടം കാണാനെത്തുന്ന സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിര്‍മിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ശരാശരി 50,000 ഓളം ആളുകളാണ് ഇവിടെ എത്തുന്നത്. സഞ്ചാരികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സുരക്ഷാ ഗാര്‍ഡുകളുമുണ്ട് ഇവിടെ.

ഒഴിവു സമയങ്ങള്‍ ആസ്വദിക്കാനായി ഇവിടെ എത്തുന്നവര്‍ പാറകളില്‍ വഴുതി വീഴുന്നത് ശ്രദ്ധിക്കണം, കാരണം 25 ലേറെ ജീവനുകള്‍ അരിപ്പാറയില്‍ ഇങ്ങനെ പോയിട്ടുണ്ട്.

എങ്ങനെ എത്തിച്ചേരാം

കോഴിക്കോട്ട് നിന്നും വരുന്നവര്‍ക്ക് തിരുവമ്പാടി നിന്നും 15 കിലോമീറ്ററോളം യാത്ര ചെയ്താല്‍ അരിപ്പാറയിലെത്താം. മലപ്പുറം ജില്ലയില്‍നിന്നാണെങ്കില്‍ മുക്കത്തുനിന്നും പുല്ലൂരാം പാറ വഴിക്ക് 18 കിലോമീറ്റര്‍ പോയാല്‍ മതി. രണ്ട് വഴിക്കും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നുണ്ട്. അവിടുന്ന് അര കിലോമീറ്ററോളം നടക്കണം നായാടമ്പൊയില്‍ വഴിയില്‍ പോകുമ്പോള്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. പ്രദേശത്തിന്റെ പരിപാലനത്തിനായി ഒരു ചെറിയ പ്രവേശനഫീ ഈടാക്കുന്നുണ്ട്.