മദ്യശാലകളിലെ നീണ്ട ക്യൂ ഇനി ഇല്ല, മദ്യം ഇനി എളുപ്പത്തില്‍ ലഭ്യമാകും; കണ്‍സ്യൂമര്‍ ഫെഡ് വഴി മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം


കോഴിക്കോട്: കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പന ശാലകൾ വഴി ഇനി ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. ആദ്യഘട്ടമായി കോഴിക്കോട് മിനി ബൈപാസ്, തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗർ, എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം ഒരുക്കുക.

വെള്ളിയാഴ്‌ച മുതൽ സൗകര്യം ലഭ്യമാവും. മറ്റ് ഷോപ്പുകളിൽ ഒരാഴ്ചക്കകം സംവിധാനം പ്രാവർത്തികമാകും. ഉപഭോക്താക്കൾക്ക് ആവശ്യമായ ഇനം മദ്യം ഓൺലൈനിലൂടെ പണമടച്ച് ബൂക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് പേര് നൽകിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന സുരക്ഷാ കോഡ് നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. 23 വയസ്സ് പൂർത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.

http://fl.Cosumerfed.inഎന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. പണമിടപാട് നടത്തി ബുക്ക് ചെയ്താൽ മൊബൈലിലേക്ക് ഒടിപി നമ്പർ ലഭിക്കും. ഈ നമ്പർ കാണിച്ച് മദ്യഷോപ്പിന്റെ പ്രവർത്തന സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും മദ്യം വാങ്ങാം.

മദ്യം പാക്ക് ചെയ്ത് റെഡിയാണെന്നും പ്രസ്തുത മദ്യഷോപ്പിൽനിന്ന് ഇവ വാങ്ങിക്കണമെന്നുമുള്ള സന്ദേശം ഉപഭോക്താവിന് ലഭിക്കും. വിൽപ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂ ഒഴിവാക്കി ഉപഭോക്താക്കൾക്ക് മദ്യം എളുപ്പം ലഭ്യമാക്കുകയുമാണ്‌ കൺസ്യൂമർ ഫെഡ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചെയർമാൻ എം.മെഹബൂബ്, മാനേജിങ്‌ ഡയറക്ടർ ഡോ. എസ്‌.കെ സനിൽ എന്നിവർ അറിയിച്ചു.