മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം; തിരക്കൊഴിവാക്കാൻ ഇന്നുമുതൽ ബെവ്കോയുടെ പുതു പരീക്ഷണം


തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്‍റെ പേരിൽ പരക്കെ ഉണ്ടാകുന്ന വിമർശനങ്ങള്‍ മറികടക്കാൻ പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്കോ കടക്കുന്നു. ഇന്ന് മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി.

ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് . തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

മദ്യം തെരഞ്ഞെടുത്ത് പണമടച്ച്കഴിഞ്ഞാല്‍ ചില്ലറ വിൽപനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. വില്‍പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം.പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ബവ്കോ അറിയിച്ചു.

മദ്യവില്‍പന ശാലകളിലെ ആൾകൂട്ടത്തിൽ ഹൈക്കോടതി കേരള സർക്കാരിനെ തുടർച്ചയായി വിമർശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ രോഗത്തിന് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്ന് ഇക്കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ഓര്‍മിപ്പിച്ചു. അതിഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും ആള്‍ക്കൂട്ടം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പൂർണ്ണമായ അടച്ചിടൽ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.