മദ്യം ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനവുമായി ബെവ്കോ


തിരുവനന്തപുരം: ഹോം ഡെലിവെറി സംവിധാനവുമായി ബവ്റിജസ് കോര്‍പറേഷന്‍. അടുത്ത ആഴ്ച്ച മുതലാണ് ബവ്‌കോ ഹോം ഡെലിവെറിക്കായി തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ആദ്യഘട്ടം നടപ്പിലാക്കുക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബവ്‌കോ ഹോം ഡെലിവെറിക്ക് ഒരുങ്ങുന്നത്. പ്രീമിയം ബ്രാൻഡുകളാണ് ഹോം ഡെലിവെറിയിലൂടെ വിതരണം ചെയ്യുന്നത്. പ്രത്യേകം സർവീസ് ചാർജ്ജും ഇതിനായി ഈടാക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബീവറേജുകളും ബാറുകളും അടച്ചിരിക്കുകയാണ്. അതോടെയാണ് ഹോം ഡെലിവറിയിലൂടെ മദ്യമെത്തിക്കുന്നതിനുള്ള നടപടിയുമായി ബെവ്കോ മുന്നോട്ട് വന്നത്. ആവശ്യക്കാര്‍ക്ക് ബെവ്‌കോ തന്നെ വീട്ടിലെത്തിക്കണമോ അല്ലെങ്കില്‍ സ്വകാര്യ കമ്പനികളെ ആശ്രയിക്കണമോ എന്നുള്ള കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യ ഘട്ടത്തിന് ശേഷം മാറ്റങ്ങള്‍ വേണോ എന്നുള്ള തീരുമാനം സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബെവ് ക്യൂ ആപ്പ് തിരിച്ചുകൊണ്ടു വരേണ്ട എന്നാണ് ഇപ്പോള്‍ എടുത്ത തീരുമാനം.

ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കിയാല്‍ ബെവ് ക്യൂവിന് സമാനമായ ആപ്പ് നിലവില്‍ വന്നേക്കും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ സമയത്ത് മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ഹോം ഡെലിവറി സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കുമെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു.