മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തി; ഉള്‍നാടന്‍ ജലപാതയ്ക്കുവേണ്ടി കോരപ്പുഴയില്‍ തൂണുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെച്ചു


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉള്‍നാടന്‍ ജലപാതയ്ക്കുവേണ്ടി കോരപ്പുഴയില്‍ തൂണുകള്‍ സ്ഥാപിക്കുന്നത് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജലപാതയ്ക്കുവേണ്ടി തൂണുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

പുളിക്കൂല്‍ക്കടവിലാണ് തൊഴിലാളികള്‍ കൂട്ടത്തോടെയെത്തി പ്രതിഷേധിച്ചത്. ഏഴരമീറ്റര്‍ നീളമുള്ള പൈലുകള്‍ 50 മീറ്റര്‍ വീതിയില്‍ പുഴയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയായിരുന്നു നടന്നിരുന്നത്. ഇത് മീന്‍ പിടിത്തത്തിനു തടസമാകുമെന്നാണ് തൊഴിലാളികളുടെ വാദം. പ്രദേശത്ത് മത്സ്യബന്ധത്തെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ഇത് ബാധിക്കും. ബന്ധപ്പെട്ടവരുമായി ചര്‍ച്ചയ്ക്കുശേഷമേ പ്രവൃത്തി തുടരൂവെന്ന് ജലസേചന വകുപ്പിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

എരഞ്ഞിക്കല്‍ മുതല്‍ കോരപ്പുഴവരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തി തുടങ്ങിയത്. പൈലുകള്‍ സ്ഥാപിച്ചശേഷം ഈ ഭാഗത്തുനിന്നും ചെളി നീക്കം ചെയ്യേണ്ടതുണ്ട്. 2,18,000 ക്യൂബിക് മീറ്ററോളം ചെളിയാണ് നീക്കം ചെയ്യേണ്ടത്. പണിക്കര്കല്ല്, പുളിക്കൂല്‍ കടവ്, വള്ളില്‍ക്കടവ്, പുന്നപ്പുഴ, ആനപ്പാറ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുക. കോരപ്പുഴ വഴി കുനിയില്‍കടവിലെത്തുന്ന പാത വേളൂര്‍, തോരായിക്കടവ്, പുത്തഞ്ചേരി, ഉള്ളൂര്‍ കടവ്, കണയന്‍കോട്, അണയലക്കടവ്, മുത്താംബി, നെല്ല്യാടി വഴി അകലാപ്പുഴയിലേക്ക് പ്രവേശിക്കും.

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനില്‍ തലക്കുളത്തൂര്‍, ജില്ലാ സെക്രട്ടറി എ.പി ദിനേശന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയംഗം ടി.കെ വിജയന്‍, മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ്) മേഖലാ സെക്രട്ടറി എം. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

എറണാകുളത്തെ മിനാര്‍ ടെക് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. ഒന്നാംഘട്ടമായ എരിഞ്ഞിക്കല്‍ മുതല്‍ അഞ്ചര കിലോമീറ്റര്‍ ദൂരത്തിന് ഏഴുകോടി രൂപയാണ് ചെലവ്.