മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി


കോഴിക്കോട്:ട്രോളിങ്‌ നിരോധനം അവസാനിക്കുന്നതിനുമുമ്പ് മത്സ്യത്തൊഴിലാളി മേഖലയിൽ അടിയന്തിരമായി കോവിഡ് വാക്സിനേഷൻ നൽകണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഹാർബറുമായി ബന്ധപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും ക്യാമ്പ് നടത്തി 31നകം വാക്സിൻ ലഭ്യമാക്കണം.
യന്ത്രവൽകൃത യാനങ്ങളുടെ മത്സ്യബന്ധന നിരോധനം 31ന് അർധരാത്രിയോടെയാണ് അവസാനിക്കുന്നത്.
ആഗസ്‌ത്‌ ഒന്നുമുതൽ മത്സ്യബന്ധനത്തിന് പോവാൻ തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികൾ കോവിഡ് നിയന്ത്രണത്തിൽ ഏറെ ബുദ്ധിമുട്ടിലാണ്.
സ്പെയർ പാർട്സ് കടകൾ തുറക്കാത്തത് കാരണം ബോട്ടുകളുടെ റിപ്പയർ നടത്താൻ കഴിഞ്ഞിട്ടില്ല. ഒരു നിശ്ചിത സമയത്തെങ്കിലും സ്പെയർ പാർട്സ് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം.
ഡീസൽ–-മണ്ണെണ്ണവില അനുദിനം വർധിക്കുന്നതുകാരണം കടുത്ത സാമ്പത്തികബാധ്യതയാണ് മത്സ്യമേഖലകളിൽ. കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ഡീസൽ–-മണ്ണെണ്ണ സബ്‌സിഡി നൽകി മത്സ്യമേഖലയെ സംരക്ഷിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.