മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നല്‍കിയില്ല; കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം



കണ്ണൂര്‍: മതവിശ്വാസത്തിന്റെ പേരില്‍ ശരിയായ ചികിത്സ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. ഹിദായത്ത് വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ കുട്ടിക്ക് ശരിയായ ചികിത്സ നല്‍കിയില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്ര ചികിത്സ നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടെത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ആധുനിക വൈദ്യശാസ്ത്ര ചികിത്സകള്‍ക്ക് പകരം മതപരമായ ചികിത്സ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബമാണ് ഫാത്തിമയുടെത്. ശരിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് കുട്ടിക്ക് ഇവര്‍ നല്‍കിയത്. കുടുംബത്തിന്റെ ഈ നിലപാടാണ് ഫാത്തിമയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.