മണ്ണാർക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; ഇളയ കുട്ടിയുടെ തൊട്ടിലിന്റെ കയറിൽ തൂങ്ങിയ നിലയിൽ
മണ്ണാർക്കാട്: എളമ്പുലാശ്ശേരി വാടക്കപ്പുറത്ത് 11 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വാക്കടപ്പുറം വൈലാനിക്കളം മുരളീധരന്റെയും രാധികയുടെയും മകൾ അർച്ചനയാണ് മരിച്ചത്. എളമ്പുലാശ്ശേരി കെഎയുപി സ്കൂൾ ആറാംക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. ഇളയ കുട്ടിയുടെ തൊട്ടിലിന്റെ കയറിൽ തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്.
കാരാകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അർച്ചനയുടെ പിതാവ് തിരുപ്പൂരിൽ ബേക്കറി നടത്തുകയാണ്. സഹോദരങ്ങൾ: അഞ്ജന, അർജുൻ.