മണിയൂരില്‍ ഭീതി പരത്തി കടിയന്‍ കുറുക്കന്‍; വീടിന് ഉള്ളിൽ കയറി കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
മണിയൂർ: മണിയൂർ പഞ്ചായത്തിലെ പിലാത്തോട്ടത്തിൽ വീണ്ടും കുറുക്കന്റെ വിളയാട്ടം. ഇന്നലെ 3 പേർക്ക് കുറുക്കന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇതോടെ 2 ദിവസങ്ങളിലായി 6 പേർക്കു കടിയേറ്റു. പരുക്കേറ്റവർ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സ തേടി. 3 കുറുക്കന്മാരിൽ ഒന്ന് അലഞ്ഞു നടക്കുന്നതു പ്രദേശവാസികളിൽ ഭീതിക്കു കാരണമാണ്.
മാങ്ങംമൂഴിക്കു സമീപം മൂഴിക്കൽ മീത്തൽ കല്യാണി (65), ചെറുമകൻ അഭിഷേക് (16), മൂഴിക്കൽ പ്രദീപൻ (40) എന്നിവർക്കാണ് ഇന്നലെ രാവിലെ കടിയേറ്റത്. കല്യാണിയെ വീടിന് ഉള്ളിൽ കയറി കടിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അഭിഷേകിനു കടിയേറ്റത്. നീലിയേടത്ത് താഴയിൽ ടാക്സി ഡ്രൈവർ തോക്കോട്ട് കുഞ്ഞിരാമനെയും കുറുക്കൻ ആക്രമിക്കാനെത്തി.
കുറുക്കന്റെ കടിയേറ്റവർ കുത്തിവയ്പിനു വിധേയരായി. ചെരണ്ടത്തൂർ ചിറയുടെ ഭാഗത്താണു കുറുക്കന്മാരുടെ വാസം. നായ്ക്കളെയും മറ്റും കടിച്ചതായി പറയുന്നു. ഇതുകാരണം പുറത്തിറങ്ങി നടക്കാൻ ഭയക്കുകയാണു നാട്ടുകാർ.