മണാശേരി ഇരട്ടക്കൊലക്കേസ്: അമ്മയെ കൊന്നത് പുറത്തറിയാതിരിക്കാന്‍ വാടകക്കൊലയാളിയെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളിയത് പ്രതി ഒറ്റയ്‌ക്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: മണാശേരിയില്‍ അമ്മയെ കൊന്നത് പുറത്തറിയാതിരിക്കാന്‍ വാടകക്കൊലയാളിയെ കൊലപ്പെടുത്തിയത് മകന്‍ ഒറ്റയ്‌ക്കെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മണാശേരി ഇരട്ടക്കൊലപാതകത്തില്‍ വാടകക്കൊലയാളിയായ ഇസ്മയിലിനെ കൊല്ലാന്‍ പ്രതിയ്ക്ക് സഹായം കിട്ടിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്തദിവസം ഐ.ജിക്കു കൈമാറും. ഡി.വൈ.എസ്.പി ടി. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
2016 മാര്‍ച്ച് പതിനഞ്ചിനാണ് ബിര്‍ജുവിന്റെ അമ്മ മുക്കം വെസ്റ്റ് മണാശേരി സൗപര്‍ണികയില്‍ ജയവല്ലി കൊല്ലപ്പെടുന്നത്. 2017 ജൂണ്‍ പതിനെട്ടിനാണ് മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മയില്‍ കൊല്ലപ്പെട്ടത്. സ്വത്ത് തട്ടിയെടുക്കാനാണ് ഇസ്മയിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മയെ കൊലപ്പെടുത്തിയത്. ഇതിന് പ്രതിഫലമായി രണ്ടുലക്ഷം രൂപ ഇസ്മയിലിനു വാഗ്ദാനം ചെയ്തിരുന്നു. പണം ചോദിച്ച് ഇസ്മയില്‍ ഭീഷണിപ്പെടുത്തിയതോടെ അദ്ദേഹത്തെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയുമായിരുന്നു.
പലദിവസങ്ങളിലായി പലയിടത്തുനിന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തുകയും ഡി.എന്‍.എ പരിശോധനയില്‍ എല്ലാം ഒരാളുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത് ഇസ്മയില്‍ ആണെന്ന് ഉറപ്പിച്ചത്. ഇസ്മയിലുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള അന്വേഷണമാണ് ബിര്‍ജുവിലേക്ക് എത്തിയത്. ബിര്‍ജുവിന്റെ വീട്ടിലേക്ക് പോകുന്നത് ഇസ്മയില്‍ മൂന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇവരുടെ മൊഴിയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് അരുംകൊല പുറത്തറിയുന്നതിലേക്ക് എത്തിയത്. ഇവരാണ് കേസിലെ പ്രധാന സാക്ഷികള്‍. മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച കത്തിവാങ്ങിയ കടയുടമയും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ചാക്ക് വാങ്ങിയ കടയുടമയും ബിര്‍ജുവിനെ തിരിച്ചറിഞ്ഞിരുന്നു.
അമ്മ ആത്മഹത്യ ചെയ്തതാണെന്ന് എല്ലാവരേയും വിശ്വസിപ്പിച്ച ബിര്‍ജു വീടും സ്ഥലവും വിറ്റ് തമിഴ്‌നാട്ടിലേക്ക് താമസം മാറിയിരുന്നു. 2020 ജനുവരി 16ന് ഊട്ടിയില്‍ നിന്നാണ് ബിര്‍ജുവിനെ അറസ്റ്റു ചെയ്തത്.