മണലാരണ്യത്തില്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിവെച്ച സമ്പാദ്യംകൊണ്ട് നിര്‍മ്മിച്ച വീട് ഒന്ന് കാണാന്‍ പോലും കഴിഞ്ഞിട്ടില്ല; ഒറ്റനിമിഷംകൊണ്ട് എല്ലാം തകര്‍ന്നതിന്റെ ഞെട്ടലില്‍ ചെറുകുളത്തൂരിലെ അരുണ്‍ദാസും കുടുംബവും
കോഴിക്കോട്: നാടും വീടും വിട്ട് കുടുംബത്തില്‍ നിന്നുംമാറി നിന്ന് വര്‍ഷങ്ങളായി കഷ്ടപ്പെട്ട് സ്വരുക്കൂട്ടുവെച്ചതെല്ലാം ഒറ്റനിമിഷംകൊണ്ട് നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ചെറുകുളത്തൂരിലെ അരുണ്‍ദാസ്. ഏറെ പ്രതീക്ഷയോടെ പണിത വീട് നേരിട്ട് ഒന്ന് കാണാനോ ഒരുദിവസം അവിടെ കഴിയാനോ അരുണ്‍ദാസിനെ ഇതുവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. രണ്ടാംനിലയുടെ പണി നടന്നുകൊണ്ടിരിക്കെ തിങ്കളാഴ്ചയാണ് അരുണ്‍ദാസിന്റെ വീട് തകര്‍ന്നുവീണത്.
വിദേശത്ത് ജോലി ചെയ്യുന്ന അരുണ്‍ദാസും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയായ സജീഷയും അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്ഥലം വാങ്ങിയത്. ഏഴുസെന്റ് സ്ഥലവും അതില്‍ ഓടുമേഞ്ഞ ചെറിയ വീടുമാണുണ്ടായിരുന്നത്. സജീഷയും ചെറിയ മക്കളും ഇവിടെ താമസിച്ചിരുന്നു. വീട് നവീകരിക്കാന്‍ തീരുമാനിച്ചതോടെ സജീഷയും കുട്ടികളും ഇവിടെനിന്നും ബന്ധുവീട്ടിലേക്ക് താമസം മാറി. അപ്പോഴും ഇടയ്ക്ക് ഇവിടെ വന്നുപോകാറുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരവും അതുപോലെ വന്നിരുന്നു.
കല്ലുവെട്ടിയ സ്ഥലം മണ്ണിട്ട് നിരപ്പാക്കി അവിടെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നിര്‍മ്മിച്ച വീടാണ് ഇവര്‍ വിലയ്ക്കു വാങ്ങിയത്. തറയ്ക്ക് വേണ്ടത്ര ബലമില്ലാത്തതിനാല്‍ മുകളിലേയ്ക്ക് എടുക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു.