‘മകള്‍ക്കെതിരായ പ്രചാരണങ്ങള്‍ ആസൂത്രിതം; പ്രതിക്ക് ആര്‍.എസ്.എസ് പിന്തുണ ലഭിച്ചെന്ന് സംശയം’ ; തിക്കോടിയില്‍ കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു മനസു തുറക്കുന്നു


കൊയിലാണ്ടി: തിക്കോടിയില്‍ യുവാവ് തീകൊളുത്തി കൊന്ന കൃഷ്ണപ്രിയയുടേത് ആസൂത്രിതമായ കൊലപാതകമാണെന്നും കൊലയാളി നന്ദുവിന് ആര്‍.എസ്.എസിന്റെ പിന്തുണ ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജന്‍. കൃഷ്ണപ്രിയ കൊല്ലപ്പെട്ടതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ അവര്‍ക്കെതിരെ നടന്ന പ്രചരണമടക്കം ഈ സംശയം ബലപ്പെടുത്തുന്നതാണെന്നും ഇതടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കുമെന്നും മനോജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കൊലയാളിയായ നന്ദു മരണപ്പെട്ടു എന്ന് കേട്ടതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ കൃഷ്ണപ്രിയയ്‌ക്കെതിരെ വ്യാപകമായ പ്രചരണങ്ങള്‍ തുടങ്ങിയത്. ഇത് മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയതാണ് എന്നതിന് ഏറ്റവും വലിയ തെളിവാണത്. നന്ദു മരണപ്പെടുന്നതുവരെ ഈ ഓഡിയോ ക്ലിപ് പുറത്തായിരുന്നില്ല. മരണം സ്ഥിരീകരിച്ച ഉടനെയാണ് ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

ഇത് ആസൂത്രിതമായ അക്രമമായിരുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവ് സംഭവം നടന്നയുടനെ ആദ്യം അവിടെയെത്തിയ മാധ്യമസ്ഥാപനത്തോടു മുതല്‍ പിന്നീട് അവിടെയെത്തിയ എല്ലാവരോടും സംസാരിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. വരുന്ന മാധ്യമങ്ങളോടെല്ലാം അവര്‍ മുന്നോട്ടുകയറി സംസാരിക്കുകയായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മകള്‍ കൊല്ലപ്പെടുന്നതിന്റെ ഒരു ദിവസം മുമ്പ് രാത്രി പത്തരയ്ക്കാണ് നന്ദു സുഹൃത്തിനൊപ്പം തിക്കോടിയിലെ വീട്ടിലെത്തിയത്. നല്ല രീതിയിലാണ് സംസാരിച്ചത്. അന്നുവൈകുന്നേരം അഞ്ചുമണിക്ക് അവന്‍ മകളെ തടഞ്ഞുനിര്‍ത്തി ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു. അത് തിരിച്ചുതരാന്‍ എന്നു പറഞ്ഞാണ് രാത്രി വീട്ടില്‍ വന്നത്. അപ്പോഴാണ് മകളുടെ ഫോണ്‍ അവന്‍ പിടിച്ചുവാങ്ങിയിരുന്നു എന്ന കാര്യം അറിയുന്നത്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിരിക്കുകയാണ്. അവളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ് എന്നൊക്കെ പറഞ്ഞു. അച്ഛന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു അത്. ഇതങ്ങനെ ഒഴിവാകുന്നെങ്കില്‍ സമാധാനമായി. ഇനി കൂടുതല്‍ പ്രശ്‌നമൊന്നുമുണ്ടാക്കേണ്ട എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ഇനി ഇത് കൂടുതല്‍ വഷളാക്കേണ്ടയെന്ന് കരുതി നല്ല രീതിയില്‍ തന്നെ അവരോട് സംസാരിക്കുകയും പരാതി നല്‍കാനോ മറ്റോ മുതിരാതിരിക്കുകയും ചെയ്തു.

കൃഷ്ണപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ തെറ്റായ പല പ്രചരണങ്ങളും നടക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം രാവിലെ പത്തുമണിക്ക് നന്ദുവും കൃഷ്ണപ്രിയയും പരശുറാം എക്‌സ്പ്രസിനു മുമ്പില്‍ ചാടാന്‍ ശ്രമിച്ചുവെന്നൊക്കെ പ്രചരണങ്ങളുണ്ട്. രാവിലെ പത്തുമണിക്ക് പഞ്ചായത്ത് ഓഫീസിനരികിലെ കടയില്‍ നിന്നും അഞ്ഞൂറ് രൂപയ്ക്ക് ചില്ലറും വാങ്ങിയാണ് അവള്‍ പോയതെന്ന് മൊഴിയുണ്ട്. വസ്തുത അതായിരിക്കെയാണ് ആ സമയത്ത് ഒരുകിലോമീറ്റര്‍ അപ്പുറമുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടു എന്നു പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നന്ദുവുമായി അടുപ്പമുണ്ടായിരുന്നുവെന്ന കാര്യം മകള്‍ തന്നോട് പറഞ്ഞിട്ടില്ല. വസ്ത്രം ധരിക്കുന്നതിനും പരിചയമുള്ള ആളുകളോട് സംസാരിക്കുന്നതിനും ഫോണ്‍ ചെയ്യുന്നതിനുമെല്ലാം അവന്‍ കുറ്റപ്പെടുത്തി സംസാരിക്കാറുണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. നാട്ടുകാരുമായി നല്ല ബന്ധമുള്ളയാളാണ് ഞാന്‍. ഇക്കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയേക്കുമോയെന്ന ഭയം കാരണമാവാം മകളൊന്നും പറയാതിരുന്നത്.

മക്കള്‍ക്ക് എല്ലാകാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ പറ്റുന്ന ഒരാളാണ് ഞാന്‍. ഒന്നിച്ചിരുന്ന് എല്ലാകാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുന്നവരാണ് ഞങ്ങള്‍. എന്നിട്ടും ഞങ്ങളുടെ വീട്ടില്‍ ഇങ്ങനെ സംഭവിച്ചു. അപ്പോള്‍ അതില്ലാത്ത കുടുംബങ്ങളിലെ കാര്യമോ?- അദ്ദേഹം ചോദിക്കുന്നു.

കൃഷ്ണപ്രിയയുടെ കൊലയാളി നന്ദകുമാര്‍ ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം നടത്തുന്ന ചിത്രം

പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള വേര്‍തിരിവ് കുടുംബങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നിടത്തോളം ആക്രമിക്കപ്പെട്ടാലും പഴി കേള്‍ക്കുന്നവരായി പെണ്‍കുട്ടികള്‍ മാറും. താഴേത്തട്ടുമുതല്‍ ആ വേര്‍തിരിവാണ് ഇല്ലാതാക്കേണ്ടത്. ഇഷ്ടമാണ് അല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടിയ്ക്ക് ഉണ്ട് എന്ന് ആണ്‍കുട്ടികളെ പറഞ്ഞുമനസിലാക്കണം. മകള് തിരുവനന്തപുരത്തുള്ള ആളുമായി ചാറ്റുചെയ്യുന്നുവെന്നത് കുറ്റമായി പറയുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമൊക്കെയുള്ള ആളുകളുമായി സംസാരിക്കാനുള്ള അവകാശം അവള്‍ക്കില്ലേ? എന്റെ മകള്‍ക്ക് എന്നല്ല ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കുമില്ലേ. പണിക്കുപോകാന്‍ നേരം ഞാനിത് മോളോട് പറഞ്ഞപ്പോള്‍ അവള്‍ എന്നെ പിടിച്ച് ഒരുമ്മ തന്നു. അതെനിക്ക് കിട്ടിയ അവസാനത്തെ ഉമ്മയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.

നന്ദുവീട്ടില്‍ വന്നശേഷം മോള് ഒരുതരത്തിലും വിഷമിക്കരുത് എന്ന് കരുതി അവളുടെ കൂടെ നില്‍ക്കുകയാണ് ഞങ്ങള് ചെയ്തത്. നീ ഒരു തരത്തിലും വിഷമിക്കരുത് എന്ന് പറഞ്ഞു. ബന്ധത്തില്‍ നിന്നും അവന്‍ ഒഴിവായതില്‍ അവള്‍ക്ക് വിഷമമൊന്നുമുണ്ടായിരുന്നില്ല. രക്ഷപ്പെട്ടല്ലോയെന്ന ആശ്വാസമായിരുന്നു. പക്ഷേ ഇവന്‍ എന്തെങ്കിലും ചെയ്യുമോയെന്ന ഭയം ഉള്ളിലുണ്ടായിരുന്നുവെന്ന് തോന്നുന്നു. അതൊന്നും അവള്‍ എന്നോട് പങ്കുവെച്ചില്ല. പറഞ്ഞിരുന്നെങ്കില്‍ അന്ന് പണിക്ക് പോകില്ലായിരുന്നു. അവളുടെ കൂടെ തന്നെയുണ്ടാകുമായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.