മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രാധാകൃഷ്ണൻ; മാതൃക, കയ്യടി
മേപ്പയ്യൂര്‍: മകളുടെ വിവാഹ ചെലവിലേക്ക് മാറ്റി വെച്ച സംഖ്യയില്‍ നിന്ന് അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മേപ്പയ്യൂര്‍ സ്വദേശി. സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടരി പി.പി.രാധാകൃഷ്ണനാണ് മാതൃകയായി മാറിയത്. മകള്‍ സ്വാതി കൃഷ്ണയും പൊന്നംപറമ്പത്ത് ഖാലിദിന്റെ മകന്‍ അലി അക്ബറും തമ്മിലുള്ള വിവാഹം കൊവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. ആ തുകയാണ് തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് കൈമാറിയത്.
ഒന്നാം ലോക് ഡൗണ്‍ കാലത്ത് ആയിടെ മരണപ്പെട്ട അമ്മയുടെ സ്വര്‍ണ്ണമാല അതിഥി തൊഴിലാളികളുടെ ഭക്ഷണ ചെലവിലേക്കായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറിയിരുന്നു. മാതൃകാപരമായ സന്നദ്ധപ്രവര്‍ത്തനരംഗത്ത് എന്നും സജീവമാണ് രാധാകൃഷ്ണന്‍.